ഫുട്ബോൾ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ബ്രസീലിന് മൂന്നാം ജയം. വെനസ്വേലയെ ഒരു ഗോളിന് തോല്‍പ്പിച്ചാണ് ബ്രസീല്‍ മൂന്നാം ജയം സ്വന്തമാക്കിയത്. സൂപ്പർ താരങ്ങൾ ഇല്ലാതെ ഇറങ്ങിയ മത്സരത്തിൽ 67-ാം മിനുട്ടില്‍ ഫിര്‍മിനോയാണ് ബ്രസീലിനായി ഗോള്‍ നേടിയത്.
സൂപ്പര്‍ താരം നെയ്മറടക്കം നാലുപേരുടെ അഭാവം ബ്രസീല്‍ നിരയില്‍ പ്രകടമായിരുന്നു. മഞ്ഞപ്പടയ്‌ക്കെതിരെ കനത്ത പ്രതിരോധമായിരുന്നു വെനസ്വേല തീര്‍ത്തത്. അഞ്ച് തവണ ബ്രസീല്‍ വല നിറച്ചെങ്കിലും മൂന്ന് തവണ ഓഫ്‌സൈഡും ഒരുവട്ടം ഫൗളുമായതിനാല്‍ ഗോള്‍ അനുവദിച്ചില്ല.
മൂന്ന് മത്സരങ്ങളില്‍ നിന്നും എല്ലാം വിജയിച്ച് ഒന്‍പത് പോയിന്റോടെ ഒന്നാം സ്ഥാനത്താണ് ബ്രസീല്‍. 2015ല്‍ ചിലെയോട് 2-0ന് തോറ്റുപോയതൊഴിച്ചാല്‍ ലോകകപ്പ് ക്വാളിഫയറില്‍ 20 മത്സരങ്ങള്‍ക്കിടെ ബ്രസീല്‍ തോല്‍വിയറിഞ്ഞിട്ടില്ല.