മുംബൈ: ആത്മഹത്യാ പ്രേരണക്കേസില്‍ സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി ജയില്‍ മോചിതനായി. രാത്രി 8.30 ഓടെ തലോജ ജയിലില്‍നിന്ന് ഇറങ്ങിയ അദ്ദേഹത്തിനു അനുയായികള്‍ സ്വീകരണം നല്‍കി.
ഉച്ചത്തില്‍ ഭാരത് മാതാ കീ ജയ് വിളിച്ച് അര്‍ണബ് ആവേശത്തില്‍ പങ്കുചേര്‍ന്നു. ഇത് ഇന്ത്യയുടെ വിജയമാണന്നും സുപ്രീംകോടതിയോട് നന്ദിയുണ്ടെന്നും അര്‍ണബ് പറഞ്ഞു.
അമ്പതിനായിരം രൂപയുടെ ജാമ്യത്തില്‍, അര്‍ണാബിനെയും മറ്റു രണ്ട് പ്രതികളെയും മോചിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവിടുകയായിരുന്നു. ജാമ്യം നിഷേധിച്ച ബോംബെ ഹൈക്കോടതി ഉത്തരവ് തെറ്റാണെന്നും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ഏഴു ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് അര്‍ണബ് പുറത്തിറങ്ങുന്നത്. നവംബര്‍ നാലിനാണ് മുംബൈയിലെ വസതിയില്‍നിന്ന് അര്‍ണബ് അറസ്റ്റിലായത്. ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വെയ് നായിക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലായിരുന്നു അറസ്റ്റ്. ഇന്റീരിയര്‍ ഡിസൈനറുടെ ഭാര്യ നല്‍കിയ പരാതിയിലാണ് പോലീസ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തത്.