ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും വിയറ്റ്നാം പ്രധാനമന്ത്രി ങ്‌യുഎൻ സുവാൻ ഫുക്കിൻ്റെയും അധ്യക്ഷതയിൽ ആസിയാൻ ഉച്ചകോടി നവംബർ 12ന്. വെർച്ച്വൽ പ്ലാറ്റുഫോമിലാണ് 17-ാമത് ഇന്ത്യ-ആസിയാൻ ഉച്ചകോടി – ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട്.
കൊറോണ വൈറസ് മഹാമാരി മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധികളിൽ നിന്ന് കരകയറുവാനുള്ള തന്ത്രങ്ങളും തന്ത്രപ്രധാന ബന്ധങ്ങൾ കൂടുതൽ വിശാലമാക്കുന്നതിനുള്ള മാർഗങ്ങളും കേന്ദ്രീകരിച്ചാണ് ഉച്ചകോടി.
ആസിയാൻ-ഇന്ത്യ തന്ത്രപ്രധാന മായ പങ്കാളിത്തത്തിന്റെ സ്ഥിതി ഉച്ചകോടി അവലോകനം ചെയ്യും. കണക്റ്റിവിറ്റി, സമുദ്ര സഹകരണം, വ്യാപാരം, വാണിജ്യം, വിദ്യാഭ്യാസം തുടങ്ങിയ പ്രധാന മേഖലകളിൽ കൈവരിച്ച പുരോഗതി അവലോകനം ചെയ്യുമെന്നും ഇന്ത്യൻ വിദേശകാര്യ (എംഇഎ) മന്ത്രാലയം അറിയിച്ചു.
also read രണ്ടാം ആസിയാന്‍ -ഇന്ത്യ ഉച്ചകോടി ; കോവിഡ് കാലത്തെ സൈബര്‍ സുരക്ഷയും ,സഹകരണവും പ്രധാന വിഷയം
തെക്കുകിഴക്കൻ ഏഷ്യൻ രാഷ്ട്ര അസോസിയേഷൻ (ആസിയാൻ) മേഖലയിലെ ഏറ്റവും സ്വാധീനമുള്ള ഗ്രൂപ്പുക ളിലൊന്നായി കണക്കാക്കപ്പെടുന്നു. ഇന്ത്യ, യുഎസ്, ചൈന, ജപ്പാൻ, ആസ്‌ട്രേലിയുൾപ്പെടെ നിരവധി രാജ്യങ്ങൾ ആസിയാൻ ചർച്ചകളിലെ പങ്കാളികളാണ്.
ദക്ഷിണ ചൈനാ കടൽ പ്രതിസന്ധി. കിഴക്കൻ ലഡാക്ക് കേന്ദ്രീകരിച്ച് ഇന്ത്യ – ചൈന തർക്കം. ഈ പശ്ചാത്തലത്തിലാണ് ആസിയൻ ഉച്ചകോടിയെന്നത് രാജ്യാന്തര രാഷ്ട്രീയത്തിൽ ശ്രദ്ധേയമാണ്. ദക്ഷിണ ചൈനാക്കടൽ ആധിപത്യ തർക്കവുമായി ബന്ധപ്പെട്ട് നിരവധി ആസിയാൻ രാജ്യങ്ങൾ ചൈനയുമായി തർക്കത്തിലാണ്.
ആസിയാൻ-ഇന്ത്യ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനെ മുൻനിറുത്തിയുള്ള സജീവ ചർച്ചകളുണ്ടാകും. ആസിയാൻ-ഇന്ത്യ കർമ്മ പദ്ധതി (2021-2025)ക്ക് ഊന്നൽ നൽകും. മഹാമാരി തീർത്ത സാമ്പത്തിക പ്രതിസന്ധിയെ മറികടക്കൽ, മേഖല – അന്തർദേശീയ സംഭവവികാസങ്ങൾ എന്നിവയും ഉച്ചകോടിയിൽ ചർച്ചചെയ്യുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പൈൻസ്, സിംഗപ്പൂർ, തായ്ലൻഡ്, ബ്രൂണൈ, വിയറ്റ്നാം, ലാവോസ്, മ്യാൻമർ, കംബോഡിയ എന്നിവയാണ് ആസിയാൻ അംഗ രാജ്യങ്ങൾ.
1967 ആഗസ്ത് എട്ടിനാണ് ആസിയാൻ നിലവിൽ വന്നത്. തായ്ലൻ്റ് തലസ്ഥാനം ബാങ്കോക്കിലായിരുന്നു ആദ്യ സമ്മേളനം. ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പൈൻസ്, സിംഗപ്പൂർ, തായ്ലൻ്റ് എന്നീ രാഷ്ട്രങ്ങളാണ് ആസിയാന് തുടക്കം കുറിച്ചത്. പിൽക്കാലത്ത് വിവിധ ഘട്ടങ്ങളിലായാണ് ബ്രൂണൈ, വിയറ്റ്നാം, ലാവോസ്, മ്യാൻമർ, കംബോഡിയ എന്നീ രാഷ്ട്രങ്ങൾ ആസിയാൻ അംഗങ്ങളായത്.
കഴിഞ്ഞ വർഷം നവംബറിൽ ബാങ്കോക്കിൽ നടന്ന 16-ാമത് ആസിയാൻ-ഇന്ത്യ ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി പങ്കെടുത്തു.
ഭൂമിശാസ്ത്രപരവും ചരിത്രപരവും നാഗരികവുമായ ബന്ധങ്ങളുടെ ശക്തമായ അടിത്തറയിലാണ് ആസിയാൻ-ഇന്ത്യ തന്ത്രപരമായ പങ്കാളിത്തം. ആസിയാൻ രാജ്യങ്ങളുമായുള്ള ബാന്ധവം അടിവരയിടുന്നതാണ് ഇന്ത്യയുടെ ആക്ട് ഈസ്റ്റ് പോളിസിയെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു