മുംബൈ: റിപ്പബ്ലിക് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജാമ്യാപേക്ഷ തള്ളിയ ബോംബെ ഹൈക്കോടതി വിധിക്കെതിരെയാണ് അര്‍ണബിന്റെ ഹർജി. ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക.
ഇടക്കാല ജാമ്യം നല്‍കണമെന്ന അര്‍ണബ് ഗോസ്വാമിയുടെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. ജാമ്യാപേക്ഷയില്‍ നാല് ദിവസത്തിനകം തീരുമാനമെടുക്കാന്‍ സെഷന്‍സ് കോടതിക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.
അതിനിടെ അര്‍ണബിന്റെ ജാമ്യാപേക്ഷ അടിയന്തിരമായി സുപ്രീംകോടതി പരിഗണിക്കാന്‍ തീരുമാനിച്ചതിനെതിരെ സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ദുഷ്യന്ത് ദവേ സുപ്രീംകോടതി സെക്രട്ടറി ജനറലിന് കത്ത് നല്‍കി. അടിയന്തിരമായി ലിസ്റ്റ് ചെയ്യാന്‍ ചീഫ് ജസ്റ്റിസ് നിര്‍ദ്ദേശിച്ചോ എന്ന് വ്യക്തമാക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെടുന്നത്.