കാബൂള്‍: സാമാധാന സന്ധി ചർച്ചകളെ വിഫലമാക്കി അഫ്ഗാനിസ്ഥാനിൽ താലിബാൻ തീവ്രവാദികളുടെ ആക്രമണങ്ങൾ വർദ്ധിക്കുന്നു. സാധാരണ ജനങ്ങൾക്കെതിരെ ആക്രമണങ്ങൾക്ക് മുതിരുകയില്ലെന്ന് താലിബാനികൾ വാഗ്ദാനം നൽകിയിരുന്നു. എന്നാലത് ലംഘിച്ചുള്ള താലിബാൻ ആക്രമണങ്ങൾ പെരുകുകയാണെന്ന് അഫ്ഗാനിസ്ഥാൻ പ്രസിഡന്റ് അഷ്‌റഫ് ഘാനി നവംബർ 10 ന് പറഞ്ഞു.
രാജ്യത്ത് സമാധാനവും പുരോഗതിയും സഹകരണവും തകർക്കുന്ന ഭീകരവാദ പ്രവർത്തനങ്ങളെ നേരിടുന്നതിൽ പ്രാദേശികവും ആഗോളവുമായ ചട്ടക്കൂട് പ്രധാനമാണെന്ന് വീഡിയോ കോൺഫ്രറൻസിങിലൂടെ ഷാങ്ഹായ് സഹകരണ സംഘടന ഉച്ചകോടി (എസ് സി ഒ) യിൽ സംസാരിക്കവെ അഫ്ഗാൻ പ്രസിഡൻ്റ് പറഞ്ഞു- എഎൻഐ റിപ്പോർട്ട്.
അഫ്ഗാനിസ്ഥാൻ പ്രക്ഷുബ്ദമാണ്. സമാധാന സംസ്ഥാപനം രാജ്യത്തിന് ഏറ്റവും അടിയന്തിരവും പ്രധാനപ്പെട്ടതുമാണെന്നത് മുൻഗണനയായി തുടരുകയാണെന്ന് പ്രസിഡൻ്റ് പറഞ്ഞതായി ടോലോ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
ആക്രമണങ്ങളിൽ നിന്നു പിന്മാറുമെന്നും സമഗ്ര വെടിനിർത്തലിന് തയ്യാറെന്നും താലിബാൻ ഉറപ്പുനൽകിയിരുന്നു. നിർഭാഗ്യവശാൽ താലിബാൻ ആക്രമണങ്ങൾ ഗണ്യമായി വർദ്ധിപ്പിച്ചുവെന്ന് പ്രസിഡൻ്റ് വ്യക്തമാക്കി.
ഇതര രാജ്യങ്ങളുടെ പരമാധികാരത്തെ മാനിക്കുകയെന്നത് എസ് സി ഒയുടെ മുഖ്യ തത്വങ്ങളിലൊന്നാണ്. അതിനാൽ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് അഫ്ഗാനിസ്ഥാന്റെ സുസ്ഥിര സമാധാന പ്രക്രിയയെ പിന്തുണയ്ക്കാൻ എസ് സി ഒ അംഗരാജ്യങ്ങൾ സന്നദ്ധരാകണമെന്ന് പ്രസിഡൻ്റ് ഘാനി അഭ്യർത്ഥിച്ചു.
സെപ്തംബർ പകുതി മുതൽ ദോഹയിൽ അഫ്ഗാൻ സർക്കാർ- താലിബാൻ പ്രതിനിധി സംഘങ്ങൾ തമ്മിലുള്ള സമാധാന ചർച്ചകൾ ആരംഭിച്ചു. ചർച്ചകളിനിയും പക്ഷേ എങ്ങുമെത്തിയിട്ടില്ല. അതേസമയം അഫ്ഗാനിസ്ഥാനിൽ താലിബാൻ- അൽ ഖ്വയ്ദ തീവ്രവാദ ഗ്രൂപ്പുകളുടെ ആക്രമണങ്ങൾ വർദ്ധിച്ചുവരുന്നതിൽ കുറവ് ഒട്ടുമേയില്ല.
പ്രധാന പ്രാദേശിക- ആഗോള സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിലാണ് എസ് സി ഒ രാഷ്ട്ര തലവന്മാരുടെ കൗൺസിലിന്റെ ഇരുപതാമത് ഉച്ചകോടി ചേർന്നത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് എന്നിവരുൾപ്പെടെ എട്ട് അംഗരാജ്യങ്ങളിലെ നേതാക്കൾ പങ്കെടുത്തു.
കാബൂൾ സർവ്വകലാശാലയിൽ നടന്ന തീവ്രവാദ ആക്രമണത്തിൽ 22 ഓളം പേർ കൊല്ലപ്പെട്ടതിനെക്കുറിച്ച് പ്രസിഡന്റ് ഘാനി തൻ്റെ പ്രസംഗത്തിൽ പരാമർശിച്ചു.
മയക്കുമരുന്ന് ഉത്പാദനം. പ്രകൃതി സമ്പത്ത്- സാംസ്കാരിക പൈതൃക കള്ളക്കടത്ത് ഇതെല്ലാമാണ് താലിബാനടക്കമുള്ള തീവ്രവാദ സംഘടനകളുടെ ഫണ്ടുസ്വരൂപണ മാർഗങ്ങൾ. ഇതും രാജ്യത്തിനു നേരെയുള്ള കടന്നാക്രമണത്തിന്റെ പ്രകടമായ ലക്ഷണങ്ങളാണ്. ഇതിനുമൊരു അന്ത്യമുണ്ടാകണമെന്ന് അഫ്ഗാൻ പ്രസിഡൻ്റ് പറഞ്ഞു.
അഫ്ഗാനിസ്ഥാൻ ഉപയോഗിക്കപ്പെടാത്ത സമ്പന്നമായ സാധ്യതകളുടെ കേന്ദ്രമാണ്. ഈ സാധ്യതകൾ ഉപയുക്തമാക്കുന്നതിലൂടെ രാജ്യത്തിന് അഭിവൃദ്ധി കൈവരിക്കാവുന്നതാണ്. മധ്യ- തെക്ക്- പശ്ചിമേഷ്യയെ കരമാർഗത്തിലൂടെ കിഴക്കൻ ഏഷ്യയെ ബന്ധിപ്പിക്കുന്ന ഭൂമി ശാസ്ത്രപരമായ സവിശേഷത, ചരിത്രപരമായ വീക്ഷണം തുടങ്ങിയവയ്ക്കനുസൃതമായി പ്രാദേശിക- ആഗോള സഹകരണത്തിന് വേദിയാകാൻ അഫ്ഗാൻ തയ്യാറാണ്- അഫ്ഗാൻ പ്രസിഡൻ്റ് അഷ്റഫ് ഘാനി വിശദീകരിച്ചു.