ഐപിഎൽ 13ആം സീസൺ കിരീടം സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്. 157 വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈ 18.4 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തി ലക്ഷ്യത്തില്‍ എത്തുകയായിരുന്നു. ഇതോടെ ഐ.പി.എല്ലില്‍ അഞ്ച് കിരീടങ്ങള്‍ നേടുന്ന ആദ്യ ടീം എന്ന പുതിയ റെക്കോഡ് മുംബൈ എഴുതിച്ചേര്‍ത്തു.
68 റൺസെടുത്ത ക്യാപ്റ്റൻ രോഹിത് ശർമ്മയാണ് മുംബൈയുടെ വിജയശില്പി. ഇഷാൻ കിഷൻ (33), ക്വിൻ്റൺ ഡികോക്ക് (20) എന്നിവരും മുംബൈ സ്കോറിലേക്ക് സംഭാവന നൽകി.
ഓപ്പണിംഗ് ഇറങ്ങിയ ഡികോക്കും രോഹിത് ശർമ്മയും മികച്ച തുടക്കമാണ് മുംബൈക്ക് നല്‍കിയത്. 20 റൺസെടുത്ത ഡികോക്കിനെ അഞ്ചാം ഓവറിലെ ആദ്യ പന്തിൽ മാർക്കസ് സ്റ്റോയിനിസ് പുറത്താക്കി. ഡൽഹി നായകൻ ശ്രേയാസ് അയ്യർ സ്പിന്നും പേസും മാറിമാറി പരീക്ഷിച്ചെങ്കിലും രോഹിതിൻ്റെ പ്രതിരോധം ഭേദിക്കാനായില്ല. 36 പന്തുകളിൽ രോഹിത് ഫിഫ്റ്റി തികച്ചു. ഇതിനിടെ സൂര്യകുമാർ യാദവ് (19) റണ്ണൗട്ടായിരുന്നു.
മൂന്നാം വിക്കറ്റിൽ ഇഷാൻ കിഷൻ-രോഹിത് സഖ്യം 47 റൺസ് കൂട്ടിച്ചേർത്തു. 17ആം ഓവറിൽ ആൻറിച് നോർക്കിയ ഈ കൂട്ടുകെട്ട് പൊളിച്ചു. 51 പന്തുകളിൽ 68 റൺസ് നേടിയ മുംബൈ നായകനെ നോർക്കിയ സബ്സ്റ്റിയൂട്ട് ഫീൽഡർ ലളിത് യാദവിൻ്റെ കൈകളിൽ എത്തിച്ചു.
തുടർച്ചയായ രണ്ട് ബൗണ്ടറികളുമായി തുടങ്ങിയ കീറോൺ പൊള്ളാർഡ് (9) നിർഭാഗ്യകരമായി റബാഡയുടെ പന്തിൽ പ്ലെയ്ഡ് ഓണായി. ജയത്തിലേക്ക് 10 റൺസ് മാത്രമായിരുന്നു അപ്പോൾ ദൂരം. ഹർദ്ദിക്ക് പാണ്ഡ്യ (3) 19ആം ഓവറിലെ മൂന്നാം പന്തിൽ നോർക്കിയയ്ക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. ഹർദ്ദിക്കിനെ രഹാനെ പിടികൂടുകയായിരുന്നു. അടുത്ത പന്തിൽ സിംഗിളെടുത്ത് കൃണാൽ മുംബൈയെ വിജയിപ്പിക്കുകയായിരുന്നു. കളി അവസാനിക്കുമ്പോൾ ഇഷാൻ കിഷൻ (32), കൃണാൽ പാണ്ഡ്യ (1) എനിവർ പുറത്താവാതെ നിന്നു.
ഡല്‍ഹിയ്ക്ക് വേണ്ടി നോര്‍ക്വെ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ സ്റ്റോയിനിസ്, റബാഡ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഡല്‍ഹിയ്ക്ക് വേണ്ടി ശിഖര്‍ ധവാനും സ്‌റ്റോയിനിസും ചേര്‍ന്നാണ് ഓപ്പണ്‍ ചെയ്യാന്‍ ഇറങ്ങിയത്. എന്നാല്‍ മത്സരത്തിലെ ആദ്യ പന്തില്‍ തന്നെ സ്റ്റോയിനിസിനെ പുറത്താക്കി ട്രെന്റ് ബോള്‍ട്ട് ഡല്‍ഹിയെ തകര്‍ച്ചയിലേക്ക് തള്ളിയിട്ടു.
സ്റ്റോയിനിസിന് പകരം ക്രീസിലെത്തിയത് അജിങ്ക്യ രഹാനെയാണ്. ധവാന്‍ ഒരു വശത്ത് നന്നായി ബാറ്റ് ചെയ്‌തെങ്കിലും രഹാനെയ്ക്ക് തിളങ്ങാനായില്ല. വെറും രണ്ട് റണ്‍സെടുത്ത താരത്തെ പുറത്താക്കി ബോള്‍ട്ട് രണ്ടാം വിക്കറ്റ് നേട്ടം ആഘോഷിച്ചു.
നാലാം ഓവറില്‍ ഫോമിലുള്ള ധവാന്‍ പുറത്തായതോടെ ഡല്‍ഹി അപകടം മണത്തു. 14 റണ്‍സെടുത്ത ധവാനെ ജയന്ത് യാദവ് ക്ലീന്‍ ബൗള്‍ഡ് ആക്കുകയായിരുന്നു. പിന്നീട് ഒത്തുചേര്‍ന്ന നായകന്‍ ശ്രേയസ് അയ്യരും ഋഷഭ് പന്തും ചേര്‍ന്ന് സ്‌കോര്‍ ചലിപ്പിക്കാന്‍ തുടങ്ങി. ശ്രേയസ് അനായാസേന ബാറ്റ് ചെയ്യാന്‍ തുടങ്ങിയതോടെ എട്ടാം ഓവറില്‍ സ്‌കോര്‍ 50 കടന്നു.
ശ്രേയസ് അയ്യരുടെയും ഋഷഭ് പന്തിന്റെയും അര്‍ധസെഞ്ചുറികളുടെ ബലത്തിലാണ് ഡല്‍ഹി ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ആദ്യ ഓവറുകളില്‍ മൂന്നു വിക്കറ്റുകള്‍ നഷ്ടപ്പെട്ട് വലിയ തകര്‍ച്ച നേരിട്ട ഡല്‍ഹിയെ ഇരുവരും ചേര്‍ന്ന് രക്ഷിക്കുകയായിരുന്നു. മികച്ച പ്രകടനം കാഴ്ചവെച്ച മുംബൈ ബൗളര്‍മാരാണ് ഡല്‍ഹിയെ വരിഞ്ഞുമുറുക്കിയത്.50 പന്തുകളില്‍ നിന്നും 65 റണ്‍സെടുത്ത ശ്രേയസ് പുറത്താവാതെ നിന്നു.
മുംബൈയ്ക്ക് വേണ്ടി ബോള്‍ട്ട് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ കോള്‍ട്ടര്‍ നൈല്‍ രണ്ട് വിക്കറ്റ് നേടി. ജയന്ത് യാദവ് ഒരു വിക്കറ്റ് സ്വന്തമാക്കി.
ഫൈനല്‍ അവസാനിച്ചതോടെ ഈ സീസണില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരത്തിനുള്ള ഓറഞ്ച് ക്യാപ്പ് പഞ്ചാബ് നായകന്‍ കെ.എല്‍.രാഹുല്‍ സ്വന്തമാക്കി. 14 മത്സരങ്ങളില്‍ നിന്നും 670 റണ്‍സാണ് താരം നേടിയത്. കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയ ബൗളര്‍ക്കുള്ള പര്‍പ്പിള്‍ ക്യാപ്പ് ഡല്‍ഹിയുടെ കഗിസോ റബാഡ സ്വന്തമാക്കി. 17 മത്സരങ്ങളില്‍ നിന്നും 30 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്.