പാട്‌ന: ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് അപ്രതീക്ഷിത മുന്നേറ്റം. സിപിഎം, സിപിഐ, സിപിഐ എം.എല്‍ എന്നീ പാര്‍ട്ടികളുടെ സഖ്യം മത്സരിച്ച 29 സീറ്റുകളില്‍ 18 സീറ്റുകളില്‍ മുന്നേറുന്നു. മാഞ്ജി മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥി സത്യേന്ദ്ര യാദവ് മുപ്പതിനായിരം വോട്ട് ഭൂരിപക്ഷത്തില്‍ വിജയിച്ചു. ഇടതുപക്ഷം ലീഡ് ചെയ്യുന്ന 9 സീറ്റിലും ഇരുപതിനായിരത്തിലേറെ വോട്ട് ഭൂരിപക്ഷമുണ്ട്.
മഹാസഖ്യത്തിലെ പ്രമുഖരായ കോണ്‍ഗ്രസിനേക്കാള്‍ മുന്നേറ്റം ഇടതുപക്ഷത്തിന്റെ ഭാഗത്ത് നിന്നും പ്രകടമാകുന്നുണ്ട്. 19 സീറ്റുകള്‍ ലഭിച്ച സി.പി.ഐ എം.എല്‍ 11 ഇടത്താണ് മുന്നില്‍. ഇതില്‍ മൂന്നെണ്ണം സിറ്റിംഗ് സീറ്റാണ്. കഴിഞ്ഞ തവണത്തെ തിരഞ്ഞെടുപ്പിനേക്കാള്‍ 8 സീറ്റുകള്‍ ഇത്തവണ സി.പി.ഐ എം.എല്‍ പിടിച്ചെടുത്തു. സി.പി.എം 5 സീറ്റിലും സി.പി.ഐ 6 സീറ്റിലും ഇത്തവണ മത്സരിച്ചു. ഇതില്‍ സി.പി.എം 4ലും സി.പി.ഐ 3ലും വീതം സീറ്റുകളില്‍ ആധിപത്യം പ്രകടമാണ്. 2015ല്‍ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും ഇരുകൂട്ടര്‍ക്കും നേടാനായിരുന്നില്ല.
ത്രിപുരയില്‍ ഉള്‍പ്പെടെ നേരിട്ട കനത്ത തിരിച്ചടിയ്ക്ക് ശേഷം ബീഹാറില്‍ പ്രകടമാകുന്ന തിരിച്ചുവരവ് കര്‍ഷകര്‍ക്കും ദളിത് ഗോത്ര വിഭാഗങ്ങള്‍ക്കിടെയിലും സ്വാധീനം ചെലുത്താനായതിന്റെ ഫലമാണെന്നും അധികം വൈകാതെ ആ സ്വാധീനം കെട്ടുറപ്പിക്കാനാകും എന്ന പ്രതീക്ഷയിലുമാണ് ഇടതുപക്ഷം. ബീഹാറിലുണ്ടാക്കുന്ന ചലനം ദേശീയ തലത്തിലും പുതിയ വാതിലുകള്‍ തുറക്കാന്‍ ഇടതുപക്ഷത്തിന് വഴിയൊരുക്കും.
70 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് 20 ഇടങ്ങളിലേക്ക് ചുരുങ്ങിയതും ഇടതുപക്ഷ ക്യാമ്ബിനെ സംബന്ധിച്ചിടത്തോളം ഗുണം ചെയ്യും. കോണ്‍ഗ്രസ് ദുര്‍ബലമാകുന്നതോടെ മഹാസഖ്യത്തിനുള്ളില്‍ ഇടതുപക്ഷത്തിന് നിര്‍ണായകമായ സ്വാധീനം രൂപപ്പെടുത്താന്‍ സാധിക്കുമെന്ന വഴിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.
ബീഹാറിലെ അന്തിമ തിരഞ്ഞെടുപ്പ് ഫലം വരാന്‍ ഇനിയും വൈകുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന സൂചന. മുന്നണികളില്‍ എന്‍.ഡി.എ കേവല ഭൂരിപക്ഷം നിലനിര്‍ത്തുന്നുണ്ട്. ആര്‍.ജെ.ഡി ഏറ്റവും വലിയ ഒറ്റക്കക്ഷിയായും തുടരുന്നു.