ഭോപ്പാല്‍: മധ്യപ്രദേശ് നിയമസഭയിലെ 28 സീറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ 19ലും ഭരണകക്ഷിയായ ബിജെപി മുന്നില്‍. എട്ട് സീറ്റുകളില്‍ വിജയിച്ചപ്പോള്‍ 11 സീറ്റുകളില്‍ ലീഡ് ചെയ്യുകയാണ് ബിജെപി. ഒമ്ബത് സീറ്റാണ് ബിജെപിക്ക് ആവശ്യം. എട്ടിടത്തെ വിജയത്തോടെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ഭരണം നിലനിര്‍ത്തുമെന്ന് ഏറെക്കുറെ തീര്‍ച്ചയായി.
ഒരു സീറ്റില്‍ വിജയിച്ച കോണ്‍ഗ്രസ് ഏഴ് സീറ്റുകളില്‍ മുന്നിട്ടുനില്‍ക്കുകയാണ്. ഒരു സീറ്റില്‍ ബി.എസ്.പിയാണ് മുന്നില്‍.
230 അംഗ നിയമസഭയില്‍ 116 പേരുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യം. നിലവില്‍ ബി.ജെ.പിക്ക് 107 പേരുടെ പിന്തുണയുണ്ട്. ഒമ്ബത് പേരുടെ വിജയത്തോടെ ബി.ജെ.പിക്ക് ഭരണം നിലനിര്‍ത്താം.
28 സീറ്റുകളിലും വിജയിച്ചാല്‍ മാത്രമേ കോണ്‍ഗ്രസിന് അധികാരത്തില്‍ തിരിച്ചെത്താനുള്ള സാധ്യതയുണ്ടായിരുന്നുള്ളൂ. 21 സീറ്റിലെങ്കിലും ജയിച്ചാല്‍ മാത്രമേ ബി.എസ്.പി, എസ്.പി എന്നിവയുമായി വിലപേശലിനുള്ള സാധ്യത പോലും അവശേഷിക്കുന്നുണ്ടായിരുന്നുള്ളൂ.
ബിജെപി-കോണ്‍ഗ്രസ് പോരാട്ടത്തിനറപ്പുറത്തേക്ക് സിന്ധ്യ-കമല്‍നാഥ് പോരാട്ടമായി മാറിയിരുന്നു മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പ്. കോണ്‍ഗ്രസില്‍ നിന്ന് തനിക്കൊപ്പം വന്ന ഭൂരിപക്ഷം പേരെയും ജയിപ്പിക്കാനായതിലൂടെ കമല്‍നാഥിന് കനത്ത പ്രഹരം നല്‍കാനായി സിന്ധ്യക്ക്. ഉപതിരഞ്ഞെടുപ്പില്‍ തന്റെ അനുയായികളെ വിജയിപ്പിക്കാനായതിലൂടെ സംസ്ഥാന-ദേശീയ രാഷ്ട്രീയത്തില്‍ സിന്ധ്യയുടെ സ്വാധീനം വര്‍ധിക്കും.
ജ്യോതിരാദിത്യ സിന്ധ്യയോടൊപ്പം 25 എം.എല്‍.എമാര്‍ കഴിഞ്ഞ മാര്‍ച്ചില്‍ ബി.ജെ.പി പക്ഷത്തേക്ക് കാലുമാറിയതിനെ തുടര്‍ന്നാണ് മധ്യപ്രദേശില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. മരണമടഞ്ഞ മൂന്ന് എം.എല്‍.എമാരുടെ മണ്ഡലത്തിലും ഉപതെരഞ്ഞെടുപ്പ് നടന്നു. സിന്ധ്യക്കും ഏറെ നിര്‍ണായകമാണ് ഈ തെരഞ്ഞെടുപ്പ്. സിന്ധ്യയും ബി.എസ്.പിയും തമ്മില്‍ രഹസ്യധാരണയുണ്ടെന്ന ആരോപണം ശക്തമായിരുന്നു.