മുംബൈ: ആത്മഹത്യാ പ്രേരണക്കേസിൽ അറസ്റ്റിലായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന റിപ്പബ്ലിക് ടി.വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയെ നവി മുംബൈയിലെ തലോജ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. ജയില്‍പുള്ളികള്‍ക്കുള്ള ക്വാറന്‍റീന്‍ കേന്ദ്രമായ സ്കൂളില്‍നിന്നാണ് അര്‍ണബിനെ മാറ്റിയത്.
ഇവിടെ വെച്ച് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനെ തുടര്‍ന്നാണ് റായ്ഗഡ് പോലീസ് ഇയാളെ ഞായറാഴ്ച രാവിലെ ജയിലിലേക്ക് മാറ്റിയത്. അര്‍ണബിന് ഫോണ്‍ ലഭിച്ചത് സംബന്ധിച്ചുള്ള അന്വേഷണം നടക്കുന്നുണ്ടെന്ന് മുംബൈ പോലീസ് അറിയിച്ചു.
തന്റെ ജീവന് ഭീഷണിയുണ്ടെന്നും തന്നെ മര്‍ദിച്ചെന്നും അര്‍ണബ് ജയിലിലേക്ക് മാറ്റുന്നതിനിടെ പ്രതികരിച്ചു.
റിപബ്ലിക് ടി.വിയുടെ ഇന്‍റീരിയര്‍ ഡിസൈന്‍ പ്രവൃത്തി ചെയ്ത വകയില്‍ ലഭിക്കാനുള്ള ലക്ഷക്കണക്കിന് രൂപ നല്‍കാത്തതിന്‍െറ പേരില്‍ അന്വയ് നായ്ക് എന്നയാളും മാതാവും ആത്മഹത്യ ചെയ്ത കേസിലാണ് അര്‍ണബ് അറസ്റ്റിലായത്. അന്വയിന്‍െറ ആത്മഹത്യ കുറിപ്പില്‍ അര്‍ണബ്, ഫിറോസ് ശൈഖ്, നിതീഷ് സര്‍ദ എന്നിവരാണ് മരണത്തിനുത്തരവാദിയെന്ന് എഴുതിവെച്ചിരുന്നു. ഇവരും അറസ്റ്റിലാണ്. നവംബര്‍ നാലിനാണ് മഹാരാഷ്ട്രയിലെ റായ്ഗഢ് ജില്ല പൊലീസ് മൂവരെയും അറസ്റ്റ് ചെയ്തത്.
അതേസമയം, അര്‍ണബും മറ്റു രണ്ടുപേരും സമര്‍പ്പിച്ച ഇടക്കാല ജാമ്യാപേക്ഷയില്‍ മുംബൈ ഹൈകോടതി തിങ്കളാഴ്ച ഉത്തരവ് പുറപ്പെടുവിക്കും.