ന്യൂഡൽഹി: നിയുക്ത അമേരിക്കൻ വൈസ് പ്രെസിയഡന്റും ഇന്ത്യൻ വംശജയുമായ കമല ഹാരിസിന് അഭിനന്ദനങ്ങൾ അറിയിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കത്തയച്ചു. വൈകാതെ ഇന്ത്യയിൽ വെച്ച് താങ്കളെ സ്വീകരിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി സോണിയ കത്തിൽ കുറിച്ചു. അമേരിക്കൻ ചരിത്രത്തിലെ വൈസ് പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതയാണ് കമല ഹാരിസ്.
”താങ്കളുടെ വിജയം അമേരിക്കൻ ഭരണഘടനയിലെ മഹത്തായ മൂല്യങ്ങളായ ജനാധിപത്യം, സാമൂഹിക നീതി, വംശീയ-ലിംഗ സമത്വം എന്നിവയുടെ കൂടി വിജയമാണ്. കറുത്ത വർഗക്കാർക്കും അമേരിക്കൻ ഇന്ത്യക്കാർക്കും ഇത് വലിയ വിജയമാണ്. താങ്കളുടെ അമ്മയിൽ നിന്നും ഉൾകൊണ്ട മൂല്യങ്ങളും വിശ്വാസങ്ങൾക്കും വേണ്ടി നിലകൊണ്ടതിൽ അഭിനന്ദിക്കുന്നു. വിഭജിക്കപ്പെട്ട രാജ്യത്തെ ഒന്നിപ്പിക്കുന്നതിനായി താങ്കൾ പ്രവർത്തിക്കുമെന്നും ഇന്ത്യയുമായുള്ള സൗഹൃദം താങ്കൾ കരുത്തുറ്റതാക്കുമെന്നും എനിക്കറിയാം. ലോകത്തെ ജനാധിപത്യ മൂല്യങ്ങളും മനുഷ്യാവകാശങ്ങൾക്കുമായി താങ്കൾ നിലകൊള്ളും. ഇന്ത്യയിൽ വെച്ച് അധികം വൈകാതെ താങ്കളെ സ്വീകരിക്കാൻ കഴിയുമെന്നാണ് കരുതുന്നത്. താങ്കൾ വലിയ രാജ്യത്തെ നേതാവ് മാത്രമല്ല, ഇന്ത്യയുടെ പ്രിയപ്പെട്ട മകൾ കൂടിയാണ്” -സോണിയ ഗാന്ധി കമലക്കയച്ച കത്തിൽ പറഞ്ഞു.