ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം അഞ്ച് കോടി കടന്നു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം ഇതുവരെ 5,02,40,927 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 12,55,604 പേര്‍ മരണമടഞ്ഞു. രോഗമുക്തി നേടിയവരുടെ എണ്ണം മൂന്ന് കോടി അമ്പത്തിയഞ്ച് ലക്ഷം പിന്നിട്ടു. അതേസമയം, ലോകത്ത് പലയിടത്തും വൈറസിന്റെ രണ്ടാം വ്യാപനം തുടരുന്നത് കൂടുതൽ ആശങ്ക സൃഷ്ടിക്കുന്നു.
അമേരിക്കയില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. രോഗബാധിതരുടെ എണ്ണം ഒരു കോടി പിന്നിട്ടു. ഇതുവരെ 1,01,77,925 പേര്‍ക്കാണ് യുഎസില്‍ കോവിഡ് സ്ഥിരീകരിച്ചത്. 2,43,247 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം അറുപത്തിനാല് ലക്ഷം കടന്നു. ലോകത്ത് ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചതും മരണമടഞ്ഞതും അമേരിക്കയിലാണ്.
വൈറസ് വ്യാപനത്തിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 85 ലക്ഷം പിന്നിട്ടു. മരണസംഖ്യ 1.26 ലക്ഷം കടന്നു. കഴിഞ്ഞ ദിവസം 50,356 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.
രോഗികളുടെ എണ്ണത്തില്‍ ബ്രസീലാണ് മൂന്നാം സ്ഥാനത്ത്. രാജ്യത്ത് 56,53,561 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 1,62,286 ആയി ഉയര്‍ന്നു. രോഗമുക്തി നേടിയവരുടെ എണ്ണം അമ്പത് ലക്ഷം കടന്നു.