ന്യൂയോര്‍ക്ക്: കലിഫോണിയയിൽ നിന്നുള്ള ഡെമോക്രറ്റിക് സ്ഥാനാർഥി കമല ഹാരിസ് അമേരിക്കയുടെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 55കാരിയായ കമല ചരിത്രം തിരുത്തിയെഴുതിക്കൊണ്ടാണ് നാഷണൽ പാർട്ടിയുടെ ബാനറിൽ വൈറ്റ് ഹൗസിൽ എത്തുന്ന ആദ്യ വനിതാ വൈസ് പ്രസിഡന്റ് ആകുന്നത്. ഈ ഉന്നത പദവിയിലെത്തിയിരിക്കുന്ന ആദ്യ ഇന്ത്യന്‍ വംശജ കൂടിയാണ് കമല.
അമേരിക്കൻ പ്രസിഡൻ്റായി ജോ ബൈഡൻ സ്ഥാനമേൽക്കുന്നതോടെ വൈസ് പ്രസിഡൻ്റായി സ്ഥാനമേൽക്കുന്ന കമലാ ഹാരിസിനെ കാത്തിരിക്കുന്നത് മൂന്ന് റെക്കോർഡുകളാണ്. അമേരിക്കയിൽ വൈസ് പ്രസിഡന്റാവുന്ന ആദ്യ വനിത, ആദ്യ ആഫ്രോ അമേരിക്കൻ, ആദ്യ ഏഷ്യൻ അമേരിക്കൻ വംശജ എന്നീ റെക്കോർഡുകളാണ് കമലയെ കാത്തിരിക്കുന്നത്.
വൈസ് പ്രസിഡന്റ് പദത്തിലെത്തിയതോടെ അമേരിക്കയുടെ പ്രസിഡന്റ് പദത്തിലെത്താനുള്ള സാധ്യത കൂടിയാണ് കമല സ്വന്തമാക്കിയിരിക്കുന്നത്.
Read also: ജോ ബൈഡന്‍ യു.എസ് പ്രസിഡന്റ്
കമലയുടെ മാതാപിതാക്കൾ അമേരിക്കയിലേക്ക് കുടിയേറി താമസിച്ചവരാണ്. തമിഴ് നാട്ടുകാരിയായിരുന്ന ശ്യാമള ഗോപാലന്റെയും ജമൈക്കക്കാരനായിരുന്ന ഡോണൾഡ് ഹാരിസിന്റെയും മകളായി 1964 ഒക്ടോബർ 20ന് കലിഫോണിയയിലെ ഒക്ലൻഡിലാണ് കമല ജനിച്ചത്. ഹോവാർഡ് സർവകലാശാലയിൽ നിന്ന് രാഷ്ട്ര തന്ത്രത്തിലും സാമ്പത്തികശാസ്ത്രത്തിലും ബിരുദം, ഹസ്റ്റിംഗ്സ് കോളേജിൽ നിന്ന് നിയമബിരുദം. നിയമപാണ്ഡിത്യമാണ് കമലയെ രാഷ്ട്രീയത്തിലേക്ക് ആകർഷിച്ചത്.
2010ൽ കാലിഫോണിയയുടെ ആറ്റോർണി ജനറലായി തിരഞ്ഞെടുക്കപ്പെട്ടു. ആറ്റോർണി ജനറൽ പദവിയിൽ എത്തുന്ന ആദ്യ ആഫ്രിക്കൻ അമേരിക്കൻ വനിതായി കമല. അന്ന് കാലിഫോർണിയൻ പ്രൈമറികളിൽ അമേരിക്കൻ പ്രസിഡന്റാകാനുള്ള ഡെമോക്രാറ്റിക് സ്ഥാനാർത്ഥികളുടെ കൂട്ടത്തിൽ കമലയുടെ പേരും ഉയർന്നുവന്നിരുന്നു. കമല മത്സരിക്കാനും തയാറായി. എന്നാൽ, ആ പ്രചാരണം അധികം മുന്നോട്ട് പോയില്ല. കമല തന്റെ നോമിനേഷൻ പിൻവലിച്ചു. എന്നാൽ ഇത്തവണ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി ഒരു വനിത വേണമെന്ന ജോ ബൈഡന്റെ തീരുമാനം കമലയ്ക്ക് അവസരമായി.
ജനമധ്യത്തിൽ നിന്നുള്ള സൂക്ഷ്മമായ ഭരണ നിർവഹണം, ആരോഗ്യ മേഖലയിലെ സ്വകാര്യ ഇൻഷുറൻസ് കുത്തകക്കെതിരായ നടപടികൾ, നികുതി വർധന യില്ലാതെ തന്നെ മധ്യവർഗക്കാർക്ക് സർക്കാർ ആരോഗ്യ ഇൻഷുറൻസ്, ഗർഭചിദ്ര വിഷയത്തിലെ ഉറച്ച നിലപാടുകൾ, സുപ്രീംകോടതി ജഡ്ജി വിഷയത്തിൽ ശക്തമായ എതിർനിലപാട് ഇവയൊക്കെ സെനറ്റർ പദവിക്കും തുടർന്നുള്ള തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കും കമലയ്ക്ക് ശക്തിയായി. രാജ്യത്തിന്റെ കാഴ്ചപ്പാടും ഓരോ വ്യക്തിയുടെ കാഴ്ചപ്പാടും ഒന്നാകുന്ന അമേരിക്കയാണ് തന്റെ സ്വപ്നമെന്ന് പ്രചാരണവേളയിൽ അവർ ഊന്നി പറഞ്ഞു.