ചെന്നൈ: ഒരു മാസം നീണ്ടുനിൽക്കുന്ന ‘വെട്രിവേൽ യാത്ര’ യിൽ നിന്നു പിന്നോട്ടില്ലെന്ന് തമിഴ്നാട് ബിജെപി ഘടകം. കോവിഡ്- 19 വ്യാപന പശ്ചാത്തലത്തിൽ യാത്രക്ക് അനുമതി നൽകാവില്ലെന്ന് തമിഴ്നാട് സർക്കാർ മദ്രാസ് ഹൈക്കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്. എന്നാൽ സർക്കാർ അനുമതിയില്ലെങ്കിലും തങ്ങൾ യാത്ര നടത്തുമെന്ന ഉറച്ച തീരുമാനത്തിലാണ് ബിജെപി നേതൃത്വം- എഎൻഐ റിപ്പോർട്ട്.
മതപരമായ ആരാധനാ സ്വാതന്ത്ര്യം ഭരണഘടന ഉറപ്പു നൽകുന്നുണ്ട്. മാത്രമല്ല യാത്രക്ക് ഭഗവാൻ വേൽമുരുകൻ്റ അനുമതിയുണ്ട്. അതിനാൽ വെട്രിവേൽ യാത്രാ തീരുമാനവുമായി മുന്നോട്ടു പോകാൻ പാർട്ടി കീഴ്ഘടകങ്ങളോടും അണികളോടും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ എൽ മുരുകൻ ആഹ്വാനം ചെയ്തു.
വിദ്യാലയങ്ങൾ തുറക്കുവാൻ അനുമതി നൽകുമ്പോൾ വെട്രിവേൽ യാത്രക്കും അനുമതി നൽകുവാൻ സർക്കാർ സന്നദ്ധരാകണം. അനുമതി നൽകിയാൽ യാത്ര സമാധാനപരമായിരിക്കും. അല്ലെങ്കിൽ പ്രശ്നവൽക്കരിപ്പെടുന്ന യാത്രയാകുമെന്ന മുന്നറിയിപ്പാണ് ബിജെപി നേതാവ് എച്ച് രാജ നൽകുന്നത്.
ഭഗവാൻ മുരുകൻ്റ പ്രധാനപ്പെട്ട ആറു ക്ഷേത്രങ്ങളുമായി ബന്ധപ്പെടുത്തിയുള്ളതാണ് യാത്ര. തിരുത്താണി ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് സംസ്ഥാനത്തുടനീളം സഞ്ചരിച്ച് തിരുച്ചെന്തൂർ ക്ഷേത്രത്തിൽ വെട്രിവേൽ യാത്രക്ക് പര്യവസാനമെന്ന നിലയിലാണ് ബിജെപി ആസൂത്രണം ചെയ്തിട്ടുള്ളത്.
തമിഴ് ദ്രാവിഡ രാഷ്ട്രീയത്തിൽ ഹിന്ദുത്വ രാഷ്ട്രീയം കലർത്തി വോട്ടു ബാങ്ക് സൃഷ്ടിച്ചെടുക്കുവാനുള്ള ഉത്തേരന്ത്യൻ ബിജെപി അജണ്ടയാണ് വെട്രിവേൽ യാത്രയിലൂടെ തമിഴ്നാട് ബിജെപി ലക്ഷ്യമിടുന്നത്.