കോയമ്പത്തൂര്‍: ഓണ്‍ലൈന്‍ ചൂതാട്ടം ജീവനുതന്നെ ഭീഷണിയാകുന്നു എന്ന് ചൂണ്ടിക്കാട്ടി നിരന്തരം പരാതികള്‍ ലഭിക്കുന്നതിന്‍റെ അടിസ്ഥാനത്തില്‍ ഓണ്‍ലൈന്‍ റമ്മികളി നിരോധിക്കാന്‍ തീരുമാനിച്ച് തമിഴ്നാട് സര്‍ക്കാര്‍. ഓണ്‍ലൈന്‍ ചൂതാട്ടം സംഘടിപ്പിക്കുന്നവര്‍ക്കും അതില്‍ പങ്കെടുക്കുന്നവര്‍ക്കുമെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി വ്യക്തമാക്കി.
“ഓൺലൈൻ ചൂതാട്ടം മൂലം കടക്കെണിയിലായവർ സംസ്ഥാനത്തുടനീളം ആത്മഹത്യ ചെയ്യുന്നതിനിടയിലാണ് തീരുമാനം. ഇത്തരത്തില്‍ നിരവധി പരാതികളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്,” മുഖ്യമന്ത്രി പറഞ്ഞു.
ഓൺലൈൻ ചൂതാട്ടം മൂലം വിലപ്പെട്ട നിരവധി ജീവനുകള്‍ നഷ്ടപ്പെട്ടുവെന്നത് നിരാശാജനകമാണെന്നാണ് മദ്രാസ് ഹൈക്കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചത്. ഓൺലൈൻ ചൂതാട്ടത്തിനെതിരെ സമർപ്പിച്ച റിട്ട് ഹർജി പരിഗണിക്കവെ ജസ്റ്റിസ് എൻ കിരുബകരൻ, ജസ്റ്റിസ് ബി പുഗളേന്തി എന്നിവരുടെ ബെഞ്ചാണ് ഇക്കാര്യം അഭിപ്രായപ്പെട്ടത്.
Also Read: “രാജ്യം ഓൺലൈൻ റമ്മി ചൂതാട്ട കമ്പനികളുടെ പിടിയിൽ”
ഓൺലൈൻ ചൂതാട്ടത്തെ നിരോധിക്കുന്നതിനോ നിയന്ത്രിക്കുന്നതിനോ നിയമനിർമ്മാണം നടത്തുന്നത് ഉൾപ്പെടെയുള്ള ഉചിതമായതും മതിയായതും അടിയന്തിരവുമായ നടപടികൾ അടുത്ത ഹിയറിംഗിന് മുമ്പായി സർക്കാർ എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കോടതി പറഞ്ഞു. ലൈസൻസിലൂടെ അത്തരം ഓൺലൈൻ ഗെയിമിംഗ് നിയന്ത്രിക്കുകയും വേണമെന്നായിരുന്നു കോടതി നിര്‍ദ്ദേശം.
തെലങ്കാന സര്‍ക്കാര്‍ എല്ലാ തരത്തിലുമുള്ള ചൂതാട്ടത്തെയും വിലക്കുന്ന തെലങ്കാന ഗെയിമിംഗ് ആക്റ്റ് (ഭേദഗതി നിയമം, 2017) പ്രകാരം ഓൺലൈൻ ചൂതാട്ടം നിരോധിച്ചിട്ടുണ്ട്. ഇതിനു സമാനമായ നിയമ നിര്‍മ്മാണത്തിന്‍റെ ആവശ്യകതയാണ് കോടതി ചൂണ്ടിക്കാണിച്ചത്.
ഓണ്‍ലൈന്‍ ചൂതാട്ടം ഒരു സാമൂഹിക തിന്മയായി വളരുന്നത് കണക്കിലെടുത്ത് അവയ്ക്ക് മേല്‍ നിയമപരമായുള്ള നിരീക്ഷണങ്ങളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്താന്‍ പ്രാപ്തമായ ഒരു റെഗുലേറ്റിംഗ് ബോഡിയുടെ ആവശ്യം മദ്രാസ് ഹൈക്കോടതി 2020 ജൂലൈയില്‍ പറത്തുവിട്ട ഉത്തരവില്‍ പരാമർശിക്കുന്നുണ്ട്. ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിക്കാന്‍ പ്രത്യേക നിയമ നിര്‍മ്മാണം വേണമെന്നും സംസ്ഥാന ഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഈ നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടാത്തത് നിരവധി ചെറുപ്പക്കാര്‍ക്ക് ജീവന്‍ നഷ്ടപ്പെടാന്‍ കാരണമായെന്നും കോടതി ചൂണ്ടിക്കാട്ടി.
Also Read: “ഓണ്‍ലൈന്‍ ചൂതാട്ട നിരോധനം; ചിന്തിക്കാന്‍ സമയമായി കേരളമേ…”
തെലങ്കാന സംസ്ഥാനത്തിന് പുറമെ അസം, ഒഡീഷ, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളും ഓൺലൈൻ റമ്മി നിരോധിക്കുന്നതിനുള്ള നിയമങ്ങൾ നടപ്പാക്കിയിട്ടുണ്ടെന്ന് ഹര്‍ജിക്കാരനെ പ്രതിനിധീകരിച്ച കൗണ്‍സല്‍ എ കണ്ണന്‍ കോടതിയില്‍ പറഞ്ഞു. സമാനമായ ഒരു ഹര്‍ജി ഗുജറാത്ത് ഹൈക്കോടതി മുമ്പാകെയും സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. വിഷയത്തിന്‍റെ ഗൗരവം മനസ്സിലാക്കിയ കോടതി 2020 സെപ്തംബര്‍ 29ന് പറത്തുവിട്ട ഉത്തരവില്‍ ഓണ്‍ലൈന്‍ ചൂതാട്ടം നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
അതേസമയം, മുംബൈ ആസ്ഥാനമായ ഓണ്‍ലൈന്‍ റമ്മി ഫെഡറേഷന്‍ ഓഫ് ഇന്ത്യയെ മദ്രാസ് ഹൈക്കോടതി പ്രതി ചേര്‍ക്കുകയും ചെയ്തു. ഓണ്‍ലൈന്‍ ചൂതാട്ടം നിയന്ത്രിക്കുന്ന കാര്യത്തില്‍ അടുത്ത പത്ത് ദിവസങ്ങളിലായി സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ നിരീക്ഷിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി അഡീഷണൽ അഡ്വക്കേറ്റ് ജനറൽ ശ്രീ. ശ്രീചരണ്‍ റെംഗരാജനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
Also Read: “ഓൺലൈൻ റമ്മി ചൂതാട്ടത്തെ ആര് പിടിച്ച് കെട്ടും ?”
ഓൺലൈൻ ചൂതാട്ടത്തിനെതിരെ തമിഴ്‌നാട്ടിൽ നിന്നുള്ള വിവിധസംഘടനകൾ സുപ്രീം കോടതിയെയും സമീപിച്ചിട്ടുണ്ട്. ഈ ഹർജികൾ അടുത്തദിവസം പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം പുതുച്ചേരിയിലും കോയമ്പത്തൂരിലുമാണ് ഓൺലൈൻ ചൂതാട്ടത്തെ തുടർന്ന് കടക്കെണിയിലായ രണ്ടുപേർ ജീവനൊടുക്കിയത്. തുടക്കത്തിൽ ചൂതാട്ടത്തിലൂടെ പണം സമ്പാദിക്കാൻ കഴിഞ്ഞതോടെ ഇരുവരും കടംവാങ്ങി നിക്ഷേപിക്കുകയായിരുന്നു. എന്നാൽ, ഇത് നഷ്ടമായതോടെ കടക്കെണിയിലായി. ജീവനൊടുക്കുകയായിരുന്നു പിന്നീടുള്ള വഴി.
ഓണ്‍ലൈന്‍ ചൂതാട്ട പരസ്യങ്ങളില്‍ അഭിനയിക്കുന്നതിന് താരങ്ങളെ വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി നേരത്തെ രംഗത്തെത്തിയിരുന്നു. ഓണ്‍ലൈന്‍ സ്‌പോര്‍ട്‌സ് ആപ്പുകളുടെ പരസ്യത്തില്‍ അഭിനയിച്ചതിന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി, ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി, ചലച്ചിത്ര താരങ്ങളായ തമന്ന, പ്രകാശ് രാജ് എന്നിവര്‍ക്ക് കോടതി നോട്ടീസും അയച്ചിരുന്നു.