മുംബൈ: റിപ്പബ്ലിക് ടി. വി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിയുടെ ജാമ്യഹർജി ബോംബെ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി തനിക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കാനാവശ്യപ്പെട്ടുള്ള അർണബ് ഗോസ്വാമിയുടെ ഹർജിയിൽ വിശദമായ വാദം കേൾക്കേണ്ടതുണ്ടെന്ന് ബോംബെ ഹൈക്കോടതി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. തന്നെ മുംബൈ പൊലീസ് അന്യായമായാണ് അറസ്റ്റ് ചെയ്തതെന്ന് അർണബ് വാദിച്ചെങ്കിലും കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നില്ല.
ആത്മഹത്യ ചെയ്ത ഇൻറീരിയർ ഡിസൈനർ അൻവയ് നായികിെൻറ മകൾ അദ്ന്യ, കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയും പരിഗണിക്കുന്നുണ്ട്.
ഇൻറീരിയർ ഡിസൈനറുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ബുധനാഴ്ചയാണ് അർണബ് അടക്കം മൂന്നുപേരെ അറസ്റ്റ്ചെയ്തത്. അലിബാഗ് ജില്ല മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ മൂന്നു പ്രതികളെയും നവംബർ 18 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു. അറസ്റ്റ് പ്രഥമദൃഷ്ട്യാ നിയമപരമല്ലെന്നു ചൂണ്ടിക്കാട്ടിയ കോടതി, അർണബിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടില്ല. മരിച്ചയാളെയും അറസ്റ്റിലായവരെയും ബന്ധിപ്പിക്കുന്ന ഒരു രേഖയും പൊലീസ് ഹാജരാക്കിയിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.