മുംബൈ: ആത്മഹത്യാ പ്രേരണാ കുറ്റത്തിന് അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന റിപബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണാബ് ഗോസ്വാമിക്ക് ഇടക്കാല ജാമ്യം അനുവദിക്കാന്‍ കഴിയില്ലെന്ന് ബോംബെ ഹൈക്കോടതി. കേസ് വിശദമായി കേട്ട ശേഷം മാത്രമേ ഇതേക്കുറിച്ച് തീരുമാനം എടുക്കാന്‍ പറ്റുള്ളൂവെന്നും കോടതി വ്യക്തമാക്കി. രണ്ടംഗ ബെഞ്ചാണ് അര്‍ണാബിന്റെ ജാമ്യാപേക്ഷ തള്ളിയത്.
തനിക്കെതിരായ കേസ് റദ്ദാക്കാന്‍ ഗോസ്വാമി കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ പരാതി കേള്‍ക്കാതെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസുമാരായ എസ്എസ് ഷിന്‍ഡെ, എംഎസ് കാര്‍ണിക് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
അലിബാഗിലെ ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വേ നായിക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണക്കേസില്‍ അറസ്റ്റിലായ അര്‍ണാബ് ഗോസ്വാമിയെ ബുധനാഴ്ച 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. 6 മണിക്കൂറിലേറെ നീണ്ട നടപടികള്‍ക്ക് ശേഷമാണ് അര്‍ണാബിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവിട്ടത്.
അതേസമയം, അര്‍ണാബിനെതിരെ നടന്നിരിക്കുന്നത് മാധ്യമ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും മഹാരാഷ്ട്രാ സര്‍ക്കാര്‍ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് മേല്‍ കടന്നുകയറുകയാണെന്നും പറഞ്ഞ് കേന്ദ്രമന്ത്രിമാരുള്‍പ്പെടെ നിരവധി ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, പ്രകാശ് ജാവദേകര്‍, സ്മൃതി ഇറാനി തുടങ്ങിയവരും ബോളിവുഡ് താരം കങ്കണയും മഹാരാഷ്ട്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി എത്തിയവരില്‍പ്പെടുന്നു.
ഇതിനു പിന്നാലെ വ്യത്യസ്തമായ പ്രതികരണവുമായി രംഗത്തെത്തിയ ഒരു കൂട്ടം കാര്‍ട്ടൂണിസ്റ്റുകളുടെ കലാസൃഷ്ടികള്‍ ട്വിറ്ററില്‍ ട്രെന്‍ഡിംഗായി കൊണ്ടിരിക്കുകയാണ്. ബിജെപിയുടെ മുഖ്യവക്താവാണ് അര്‍ണാബ് എന്ന് വിചാരിച്ചിരുന്നവര്‍ക്ക് തെറ്റി. അര്‍ണാബിന്റെ പ്രധാന വക്താക്കളാണ് ബിജെപി തുടങ്ങിയ ട്വീറ്റുകളാണ് പ്രചരിക്കുന്നത്.
ആത്മഹത്യ പ്രേരണ കേസില്‍ അറസ്റ്റിലായ അര്‍ണാബിന് വേണ്ടി തൊണ്ടപൊട്ടി വാദിക്കുന്ന കേന്ദ്രമന്ത്രിമാര്‍, ഇന്ത്യയിലുടനീളമുള്ള ബിജെപി സര്‍ക്കാരുകള്‍ നിരവധി മാധ്യമപ്രവര്‍ത്തകരെ ഒരുകാരണവുമില്ലാതെ അറസ്റ്റ് ചെയ്തപ്പോള്‍ എന്തുകൊണ്ട് മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ച് ഒരാളുപോലും സംസാരിച്ചില്ലെന്ന വിമര്‍ശനമുയരുന്ന പശ്ചാത്തലത്തിലാണ് ഈ കാര്‍ട്ടൂണുകള്‍ ട്രെന്‍ഡിംഗാവുന്നത്.
അര്‍ണാബ് ഗോസ്വാമിയുടെ അറസ്റ്റ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ബിജെപി എംഎല്‍എ റാം കദമും രംഗത്ത് വന്നിരുന്നു. അനുകൂല നടപടിയ്ക്കായി വെള്ളിയാഴ്ച മുതല്‍ മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറിയേറ്റിനു മുന്നില്‍ നിരാഹാര സമരം സംഘടിപ്പിക്കുമെന്നാണ് എംഎല്‍എയുടെ പ്രസ്താവന. വിഷയത്തില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ ഭഗത് സിംഗ് കോഷ്യാരിയുമായി കൂടിക്കാഴ്ച നടത്തിയെന്നും എംഎല്‍എ പറഞ്ഞിരുന്നു.
“അര്‍ണാബിനെ വീട്ടില്‍ കയറി മര്‍ദ്ദിച്ചാണ് അറസ്റ്റ് ചെയ്തത്. 9 പൊലീസുകാരാണ് ഇതിനു പിന്നില്‍. അവരെ സസ്‌പെന്‍ഡ് ചെയ്യണം. പൊലീസുകാരോട് എന്നും എനിക്ക് ബഹുമാനമേയുള്ളു. എന്നാല്‍ ഈ നടപടി അംഗീകരിക്കാന്‍ പറ്റില്ല. അര്‍ണാബിന്റെ അറസ്റ്റിനെതിരെ പ്രതിഷേധങ്ങള്‍ ശക്തമാക്കും. ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമസ്വാതന്ത്ര്യത്തെ സംരക്ഷിക്കാനാണ് പ്രതിഷേധം”- എംഎല്‍എ വ്യക്തമാക്കി.