ന്യൂ ഡൽഹി: ചൈനീസ് അതിർത്തിയിൽ വിന്യസിച്ചിട്ടുള്ള ഇന്ത്യൻ പട്ടാളത്തിന് കൊടുംശൈത്യത്തെ നേരിടാൻ അമേരിക്കയിൽനിന്ന് ചൂടുവസ്ത്രം. സിയാച്ചിനിലെ പടിഞ്ഞാറൻ പോർമുഖങ്ങളിലും കിഴക്കൻ ലഡാക്ക് മേഖലയിലുമടക്കം വിന്യസിച്ചിട്ടുള്ള സൈനികർ ഇവ ഉപയോഗിച്ചു തുടങ്ങി.
സമുദ്രനിരപ്പിൽനിന്ന് 12,000 അടിവരെ ഉയരത്തിലുള്ള ഈ മേഖലകളിൽ പൂജ്യത്തിനുതാഴെ അമ്പതുഡിഗ്രിവരെ താപനില താഴാറുണ്ട്. ഈ സാഹചര്യത്തിലാണ് പ്രത്യേക വസ്ത്രങ്ങൾ അനിവാര്യമായത്. ഒന്നിന് ഏതാണ്ട് ഒരുലക്ഷം രൂപവരെ ചെലവുവരുന്നതാണ് ഈ വസ്ത്രങ്ങൾ.
കൊടും തണുപ്പിനെ പ്രതിരോധിക്കുന്ന അറുപതിനായിരത്തോളം പ്രത്യേകവസ്ത്രങ്ങൾ സൈന്യം സംഭരിച്ചിരുന്നു. ചൈനയുമായുള്ള അതിർത്തിസംഘർഷം മൂർച്ഛിച്ചതോടെ 30,000 വസ്ത്രങ്ങൾകൂടി അധികമായി വേണ്ടിവന്നു. ഇതിനാലാണ് അടിയന്തരമായി കൂടുതൽ വസ്ത്രങ്ങൾ അമേരിക്കയിൽനിന്ന് ഇറക്കുമതി ചെയ്തത്.
പ്രദേശത്ത് ഇന്ത്യൻ സൈന്യം ഇപ്പോഴും കൂടാരങ്ങളിലാണ് താമസിക്കുന്നതെന്നും കൊടുംതണുപ്പിൽ ഇത് അനുയോജ്യമല്ലെന്നും ലഡാക്കിലെ ബിജെപിയുടെ മുൻ എംപി തുപ്ഷാൻ ഷെവാങ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. മലനിരകളിലും അതികഠിനമായ കാലാവസ്ഥകളിലും ഊർജസ്വലതയോടെ പ്രവർത്തിക്കാൻ പരിശീലനംനേടിയ പ്രത്യേക സേനയെയാണ് ഇന്ത്യ പോർമുഖങ്ങളിൽ വിന്യസിച്ചിട്ടുള്ളത്.