ന്യൂ ഡല്‍ഹി: ജനാധിപത്യത്തിന്റെ ശക്തി ലോകത്തിന് കൃത്യമായി ബോധ്യപ്പെടുത്തിയവരാണ് ബിഹാര്‍ ജനതയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാമാരി വേളയിലും നല്ല ജനാധിപത്യത്തിന്റെ മുഖ്യ ലക്ഷണമായ സ്വതന്ത്രവും നിതീയുക്തവുമായ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ബിഹാര്‍ ജനത സക്രിയരായിയെന്നത് പ്രശംസനീയമെന്നും പ്രധാനമന്ത്രി പറഞ്ഞു – എഎന്‍ഐ റിപ്പോര്‍ട്ട്.
ബിഹാര്‍ ജനതയുടെ വോട്ട് രാജ്യത്തെയും ഒപ്പം രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥയെയും ശക്തിപ്പെടുത്തുന്നതാണ്. ഇന്ത്യന്‍ ജനാധിപത്യത്തിനു മാത്രമല്ല ലോക ജനാധിപത്യത്തിനുള്ള മഹത്തായ സന്ദേശം കൂടിയാണ് ഈ മഹാമാരി വേളയിലെ നിയന്ത്രണങ്ങള്‍ക്കിടയിലും തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഇടപ്പെട്ട് ബിഹാര്‍ ജനത നല്‍കിയത് – അരാരിയ ജില്ല ഫോബ്സ്സ് ഗഞ്ചിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി പറഞ്ഞു.
Also read: ബിഹാര്‍ തെരഞ്ഞെടുപ്പ്: തീയതി പ്രഖ്യാപിച്ചു, നവംബര്‍ 10ന് വോട്ടെണ്ണല്‍
പിന്നിട്ട ഘട്ടങ്ങളിലെ വോട്ടെടുപ്പില്‍ മഹാമാരി നിയന്ത്രണങ്ങള്‍ പാലിച്ച് വോട്ടര്‍മാര്‍ അച്ചടക്കത്തോടെ ബൂത്തുകളിലെത്തി സന്മതിദാനാവകാശം വിനിയോഗിച്ചു. ഇതിലൂടെ ജനാധിപത്യ വാഴ്ച്ചക്ക് മഹത്തായ സംഭാവനയാണ് ബിഹാര്‍ ജനത നല്‍കിയത്. വോട്ടിങ് ശതമാനത്തിലെ വര്‍ദ്ധന സൂചിപ്പിക്കുന്നത് ജനാധിപത്യ വ്യവസ്ഥയോടുള്ള ബിഹാര്‍ ജനതയുടെ അര്‍പ്പണബോധമാണ് – പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
Also read:ബിഹാര്‍ തെരഞ്ഞെടുപ്പ്; വോട്ടര്‍മാര്‍ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് പ്രധാനമന്ത്രി
നവംബര്‍ മൂന്നിന് 17 ജില്ലകളിലെ 94 നിയമസഭാ സീറ്റുകളിലേക്ക് മഹാമാരി നിയന്ത്രണ മാനദണ്ഡങ്ങള്‍ക്ക് വിധേയമായി രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. 2.86 കോടി വോട്ടര്‍മാര്‍ ബൂത്തിലെത്തുമെന്നാണ് പ്രതീക്ഷ. മൂന്നാംഘട്ട – അവസാന ഘട്ട വോട്ടെടുപ്പ് നവംബര്‍ ഏഴിന്. 243 അംഗ നിയമസഭാ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം നവംബര്‍ 10 ന്.