ന്യൂഡൽഹി: രാജ്യത്ത് 38,310 പേർക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 490 കോവിഡ് മരണം റിപ്പോർട്ട് ചെയ്തതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞുവരുന്നത് ആശ്വാസകരമാണ്. ഒരു ലക്ഷത്തോളം കേസുകൾ സ്ഥിരീകരിച്ചിരുന്നിടത്ത് നിന്നാണ് രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞത്.
രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 82.6 ലക്ഷമാണ്. ഇതിൽ 5,41,405 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. രാജ്യത്തെ കോവിഡ് പോസിറ്റീവ് നിരക്ക് 6.38 ശതമാനമായി. രണ്ടുമാസം മുമ്പ് മൂന്നിരട്ടിയായിരുന്നു കോവിഡ് പോസിറ്റീവാകാനുള്ള സാധ്യത. സെപ്റ്റംബർ മൂന്നിലെ പോസിറ്റിവിറ്റി നിരക്ക് 21.16 ശതമാനമായിരുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് പുതുതായി കോവിഡ് സ്ഥിരീകരിക്കുന്നതിൽ 80 ശതമാനവും 10 സംസ്ഥാനങ്ങളിലാണ്. കേരളത്തിലാണ് രോഗബാധിതരുടെ എണ്ണം നിലവിൽ കൂടുതൽ. തൊട്ടുപിന്നിൽ ഡൽഹി, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
76,03,121 പേർ ഇതുവരെ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 58,323 പേരും രോഗമുക്തി നേടി. ഏറ്റവും കൂടുതൽ രോഗമുക്തി നിരക്ക് ഉയർന്ന സംസ്ഥാനവും കേരളമാണ്. കർണാടക, ഡൽഹി, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിൽ.