മഥുര: യുപിയിൽ ക്ഷേത്രമുറ്റത്ത് നിസ്‌കരിച്ച രണ്ടു യുവാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. നന്ദ്ഗാവിലെ നന്ദ്ബാബ നന്ദ് മഹല്‍ ക്ഷേത്രമുറ്റത്ത് വ്യാഴാഴ്ചയാണ് സംഭവം.
ഡല്‍ഹിയിലെ ഖിദ്മത്ത് നഗർ സ്വദേശികളായ ഫൈസല്‍ ഖാൻ, മുഹമ്മദ് ചന്ദ് എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. -ഇന്ത്യ ടിവി ന്യൂസ് റിപ്പോർട്ട്
മുകേഷ് ഗോസ്വാമി, ശിവ്ഹരി ഗോസ്വാമി എന്നിവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ഐപിസി 153 എ, 295, 505 എന്നീ വകുപ്പുകൾ ചുമത്തിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.യുവാക്കൾ ക്ഷേത്രത്തില്‍ നിസ്‌കരിക്കുന്ന ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ചിത്രങ്ങള്‍ പ്രചരിച്ചതോടെ ഹിന്ദു സംഘടനകള്‍ തീവ്ര നിലപാടുകളുമായി രംഗത്തെത്തുകയായിരുന്നു. സംഭവത്തെ തുടർന്ന്, സംഘർഷ സാധ്യത കണക്കിലെടുത്ത് പൊലീസിനെ വിന്യസിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.
എന്നാൽ നിസ്‌കരിക്കാന്‍ സമ്മതം നല്‍കിയിരുന്നില്ല എന്ന് ക്ഷേത്രത്തിന്റെ ഭരണചുമതലയുള്ള കന്‍ഹ ഗോസ്വാമി പറയുന്നു. അതേസമയം, നിസ്കാര സമയം ആയതിനാലാണ് തങ്ങൾ നിസ്കരിച്ചതെന്നും പ്രശ്നമുണ്ടാക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും യുവാക്കൾ പ്രതികരിച്ചു.