ബ്രിട്ടൻ രണ്ടാംഘട്ട ലോക്ക്ഡൗൺ നീട്ടിയേക്കുമെന്ന് കാബിനറ്റ് മന്ത്രി
ബ്രിട്ടൻ രണ്ടാംഘട്ട ലോക്ക്ഡൗൺ നീട്ടിയ്ക്കോമെന്ന് ബ്രിട്ടീഷ് കാബിനറ്റ് മന്ത്രി മൈക്കൽ ഗോവ് നവംബർ ഒന്നിന് പറഞ്ഞു. നവംബർ അഞ്ചു മുതൽ ഡിസംബർ രണ്ടുവരെയാണ് രണ്ടാംഘട്ട ദേശീയ ലോക്ക്ഡൗൺ. ഡിസംബർ ആദ്യം ലോക്ക്ഡൗൺ നീട്ടുമോയെന്ന ചോദ്യത്തിന് ഗോവ് അതെയെന്നാണ് സ്കൈ ന്യൂസിനോട് പറഞ്ഞത്.
അടുത്ത നാലു ആഴ്ച്ചയ്ക്കകം കൊറോണ വൈറസിന് എന്തു സംഭവിക്കുമെന്ന് പ്രവചിക്കുന്നത് മണ്ടത്തരമാകും. പ്രതീക്ഷിച്ചതിനേക്കാൾ കാര്യങ്ങൾ കൈവിട്ടുപോയിരിക്കുകയാണ്. രാജ്യത്തിൻ്റെ ആരോഗ്യ സംവിധാനങ്ങളെ തകിടംമറിക്കും വിധമാണ് മഹാമാരി വ്യാപനമെന്നും ബോറിസ് ജോൺസൺ മന്ത്രിസഭയിലെ പ്രധാനി കൂടിയായ ഗോവ് പറഞ്ഞു.
നവംബർ അഞ്ചിന് ആരംഭിച്ച് ഡിസംബർ രണ്ടുവരെയാണ് രണ്ടാം ഘട്ട ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ. പബ്ബുകൾ, ബാറുകൾ, റസ്റ്റോറൻ്റുകൾ, അവശ്യ സേവനങ്ങളല്ലാത്ത സ്ഥാപനങ്ങൾ, ഹെൽത്ത് ക്ലബ്ബുകൾ, ഹെയർ – ബ്യൂട്ടി സലൂണുകൾ തുടങ്ങിയവ ഡിസംബർ രണ്ടുവരെ തുറക്കരുതെന്നാണ് സർക്കാർ ഉത്തരവ്.
വീട്ടിൽ തന്നെ തുടരുക. ദേശീയ ആരോഗ്യ സംവിധാനത്തെ സംരക്ഷിക്കുക. ജീവൻ രക്ഷിക്കുകയെന്ന ആദ്യ ഘട്ട കൊറോണ വ്യാപന പ്രതിരോധത്തെ മുൻനിറുത്തിയുള്ള സർക്കാർ സന്ദേശത്തിലേക്ക് പ്രധാനമന്ത്രി ബോറിസ് ജോൺസൺ തിരിച്ചു പോകുന്നവസ്ഥയാണ്. ഈ വർഷത്തെ ക്രിസ്തുമസ് വ്യത്യസ്തമായിരിക്കുമെന്നും പ്രധാനമന്ത്രി ജോൺസൺ ആദ്യമേ പറഞ്ഞുവയ്ക്കുന്നുണ്ട്.
ഒരു പ്രധാനമന്ത്രിക്കും മഹാമാരി വ്യാപനത്തെ അവഗണിക്കുവാനാകില്ല. രണ്ടാംഘട്ട ദേശീയ ലോക്ക്ഡൗണല്ലാതെ ബദലുകളില്ല. നടപടിയെടുത്തില്ലെങ്കിൽ വസന്തകാലത്തെ ആദ്യഘട്ട മാഹാമാരി വ്യാപനത്തിലുണ്ടായ മരണനിരക്കിനെ കടത്തിവെട്ടുന്നതായിരിക്കും ഈ ശൈത്യക്കാല വ്യാപനത്തിലേതെന്ന വിശദീകരണത്തിലാണ് രണ്ടാംഘട്ട ലോക്ക് ഡൗൺ പ്രഖ്യാപിച്ച പ്രധാനമന്ത്രി ജോൺസൺ.
പ്രാദേശിക നിയന്ത്രണ നടപടികളിലൂടെ വൈറസ് വ്യാപനം പ്രതിരോധിയ്ക്കാമെന്ന കണക്കുകൂട്ടൽ തെറ്റിയതോടെയാണ് രണ്ടാംഘട്ട ദേശീയ ലോക്ക് ഡൗൺ നിർബ്ബന്ധിതമായത്. സ്ക്കൂൾ – ഭക്ഷ്യവസ്തുക്കൾ വാങ്ങൽ, ജോലി (വീട്ടിലിരുന്ന് ജോലി ചെയ്യാനാകാത്ത മേഖലയിലെ ജോലിക്കാർ) തുടങ്ങിയ ആവശ്യങ്ങൾക്ക് മാത്രമെ വീട്ടിൽ നിന്ന് പുറത്തുപോകാൻ അനുമതിയുള്ളൂ.
ജോലിയുടെ ഭാഗമായി രാജ്യാന്തര യാത്രകളാകാം. പക്ഷേ വിനോദയാത്രകൾക്ക് അനുമതിയില്ല. ഒന്നാംഘട്ട ലോക്ക് ഡൗണിലിൽ നിന്ന് വ്യത്യസ്തമായി രണ്ടാംഘട്ട ലോക്ക്ഡൗണിൽ മാഹാമാരി നിയന്ത്രണ മാനദണ്ഡങ്ങൾക്ക് വിധേയമായി നേഴ്സറികൾ – സ്ക്കൂൾ – കോളേജ് – യൂണിവേഴ്സിറ്റികൾ പ്രവർത്തിക്കും.
രണ്ടാംഘട്ട ലോക്ക്ഡൗണിൽ നവംബർ മുതൽ ഡിസംബർ രണ്ടു വരെ 80 ശതമാനം ശമ്പളത്തോടു കൂടിയ അവധി ലഭ്യമാക്കപ്പെടുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. പബ്ബ് – റസ്റ്റോറൻ്റു കളടക്കമുള്ള ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങൾക്ക് രണ്ടാംഘട്ട ലോക്ക്ഡൗണിൽ കടുത്ത നിയന്ത്രണങ്ങളുണ്ട്. അതുകൊണ്ട് ഈ മേഖലയിൽ തൊഴിലെടുക്കുന്നവരുടെ തൊഴിലിനെ ബാധിക്കും. എന്നാൽ ശമ്പളത്തോടു കൂടിയ അവധിയെന്ന ആനുകൂല്യം ഡിസംബർ രണ്ടു വരെ തുടരുവാനുള്ള തീരുമാനം ഇപ്പറത്ത തൊഴിൽ വിഭാഗത്തിന് ആശ്വാസമാകും.
രണ്ടാംഘട്ട ലോക്ക്ഡൗൺ പ്രഖ്യാപിക്കപ്പെട്ടില്ലെങ്കിൽ ആശുപത്രികളിലെ കിടത്തി ചികിത്സ സൗകര്യങ്ങളുടെ അപര്യാപ്തത തീർത്തും രൂക്ഷമാകും. ആരോഗ്യ വിദ്ഗ്ദ്ധരുടെ ഈ അഭിപ്രായത്തെ മാനിച്ചാണ് രണ്ടാംഘട്ട ലോക്ക്ഡൗൺ.രണ്ടാoഘട്ട വ്യാപന സാധ്യതകൾ ചൂണ്ടികാണിച്ച് രണ്ടാംഘട്ട ദേശീയ ലോക്ക് ഡൗൺ എന്ന നിർദ്ദേശങ്ങൾ മുന്നോട്ടുവയ്ക്കപ്പെട്ടിരുന്നു. എന്നാലത് മുഖവിലക്കെടുത്ത് കൃത്യ സമയത്ത് നടപടികൾ സ്വീകരികരിക്കുന്നതിൽ വൈമനസ്യം കാണിച്ചുവെന്ന ആക്ഷേപങ്ങൾ പ്രധാനമന്ത്രി നേരിടുന്നുണ്ട്.
രണ്ടാംഘട്ട ലോക്ക് ഡൗൺ പ്രഖ്യാപിക്കാൻ അഞ്ചാഴ്ച സമയമെടുത്തുവെന്നത് പ്രധാനമന്ത്രിയുടെ വീഴ്ച്ചയായി കാണുന്നവരുണ്ട്. അതേസമയം രണ്ടാംഘട്ട മഹാമാരി വ്യാപന പ്രതിരോധ നടപടികളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ബോറിസ് ജോൺസൺ സ്വന്തം പാർട്ടിക്കുള്ളിൽ നിന്ന് വിമർശനങ്ങളേറ്റുവാങ്ങുന്നുവെന്നും സ്കൈ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
നവംബർ ഒന്നുവരെ രാജ്യത്ത് മൊത്തം റിപ്പോർട്ടു ചെയ്യപ്പെട്ടത് 1034914 മില്യൺ കോവിഡു കേസുകൾ. മരണം 46717. രോഗമുക്തി വിവരങ്ങൾ ലഭ്യമല്ല.