പാരീസ്: പ്രവാചകൻ മുഹമ്മദ് നബിയെ അധിക്ഷേപിച്ചുള്ള കാർട്ടൂൺ പ്രദര്‍ശിപ്പിച്ചതിനെ തുടർന്ന് ആഘാതത്തിലായ മുസ്‌ലിംകളുടെ വികാരങ്ങള്‍ താന്‍ മനസിലാക്കുന്നതായി ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ.
ഫ്രാന്‍സ് ഇപ്പോള്‍ ചെയ്യുന്നത് ഭീകരവാദത്തെ എതിര്‍ക്കുകയാണെന്നും മാക്രോൺ അഭിപ്രായപ്പെട്ടു.ശനിയാഴ്ച അൽജസീറയ്ക്കു നൽകിയ പ്രത്യേക അഭിമുഖത്തിലാണ് മാക്രോണിന്റെ പ്രതികരണം.
മുസ്‌ലിംകളെ താൻ ബഹുമാനിക്കുന്നു, എന്നാല്‍, നിങ്ങള്‍ പുതിയ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് തന്‍റെ കടമ മനസിലാക്കണം, നിങ്ങള്‍ ശാന്തത പ്രോത്സാഹിപ്പിക്കുകയും ഈ അവകാശങ്ങള്‍ സംരക്ഷിക്കാൻ പ്രയത്നിക്കുകയും വേണം- മക്രോൺ പറഞ്ഞു.
കാർട്ടൂണുകളെചൊല്ലി ഫ്രഞ്ച് സർക്കാരും മുസ്‌ലിം ലോകവും തമ്മിലുള്ള സംഘർഷങ്ങൾ നിലനിൽക്കെ, മുസ്‌ലിംകൾ കരുതുന്നത് ഇവിടെ പതിവായി മതനിന്ദയുണ്ടെന്നാണ്, കാരിക്കേച്ചറുകൾ ഫ്രഞ്ച് ഭരണകൂടത്തിന്‍റെ സൃഷ്ടിയാണെന്ന് പോലും ആളുകൾ വിശ്വസിക്കുന്നു. എന്നാൽ അത് രാഷ്ട്രീയ നേതാക്കളുടെ വളച്ചൊടിക്കലാണെന്നും അദ്ദേഹം പറഞ്ഞു.
‘ഈ കാർട്ടൂണുകളെ ഞാൻ പിന്തുണക്കുന്നുവെന്ന് ആളുകൾ തെറ്റായി മനസിലാക്കിയതിനാലാണ് എന്‍റെ വാക്കുകൾക്ക് വികലമായ പ്രതികരണങ്ങൾ ഉണ്ടായതെന്ന് ഞാൻ കരുതുന്നു. എന്നാൽ സംസാരിക്കാനും എഴുതാനും ചിന്തിക്കാനും വരയ്ക്കാനുമുള്ള സ്വാതന്ത്ര്യം ഞാൻ എപ്പോഴും രാജ്യത്ത് സംരക്ഷിക്കും- മാക്രോൺ കൂട്ടിച്ചേർത്തു.
ചാർലി ഹെബ്ഡോ വാരിക സെപ്റ്റംബർ തുടക്കത്തിൽ പ്രസിദ്ധീകരിച്ച കാർട്ടൂണുകൾ പ്രസിദ്ധീകരിച്ചതിന് ശേഷമാണ് ഫ്രാൻസിൽ തുടർച്ചയായി ആക്രമണങ്ങളുണ്ടായത്. അതിനുശേഷം വാരികയുടെ ഓഫീസിന് പുറത്ത് ആക്രമണം ഉണ്ടായി. അധ്യാപകനെ തലയറുത്ത് കൊലപ്പെടുത്തിയത്, നൈസിലെ പള്ളിക്ക് നേരെ ആക്രമണം എന്നിവയുമുണ്ടായി.