വാഴ്സോ: പടുകൂറ്റൻ ജനകീയ പ്രതിഷേധത്തിൽ ആടിയുലയുകയാണ് കിഴക്കൻ യൂറോപ്യൻ രാഷ്ട്രം പോളണ്ടിൻ്റെ തലസ്ഥാനം വാഴ്സോ. ഗർഭഛിദ്ര നിയമത്തിൽ കടുത്ത നിയന്ത്രണങ്ങളേർപ്പെടുത്തിയുള്ള കോടതി ഉത്തരവിനെതിരെയാണ് ലോക മഹായുദ്ധ ഉടമ്പടികൾക്ക് വേദിയായി ചരിത്രമുറങ്ങുന്ന വാഴ്സോ നഗരവീഥികളിൽ പ്രതിഷേധത്തിൻ്റെ കടലിരമ്പിയത്- റഷ്യൻ ടിവി റിപ്പോർട്ട്.
സമകാലിക ചരിത്രത്തിൽ വാഴ്സോ ഏറ്റവും വലിയ പ്രക്ഷോഭത്തിനാണ് ഒക്ടോബർ 31 ന് സാക്ഷ്യം വഹിച്ചത്. പതിനായിരങ്ങളുടെ പ്രതിഷേധ പ്രകടനം വാഴ്സോ നഗര വീഥികളെ വിഴുങ്ങുന്ന ഡ്രോൺ ഫൂട്ടേജ് ആർടിവിയുടെ വീഡിയോ ഏജൻസി റുപ്ലി പുറത്തുവിട്ടു. പ്രതിഷേധക്കാർ ജ്വാലകൾ തെളിയിച്ചു. പ്രതിഷേധ റാലിയെ പ്രകാശപൂരിതമാക്കി. പോളിഷ് തലസ്ഥാനത്ത് തടിച്ചുകൂടിയ പ്രതിഷേധക്കാരുടെ പ്രകടനം മൈലുകളോളം നീണ്ടു.
പടുകൂറ്റൻ പ്രകടനം ഏറെക്കുറെ സമാധാനപരമായിരുന്നു. എന്നാൽ ഗർഭഛിദ്ര അനുകൂലികളും വിരുദ്ധരും തമ്മിൽ ഏറ്റുമുട്ടലുകളുണ്ടായേക്കുമെന്ന ആശങ്കയെത്തുടർന്ന് ശക്തമായ പൊലീസ് സാന്നിധ്യമുണ്ടായിരുന്നു.
ഗർഭസ്ഥ ശിശുവിന് ഗുരുതരമായ ജനന വൈകല്യമുള്ള സന്ദർഭങ്ങളിൽ പോലും ഗർഭഛിദ്രം ഭരണഘടനാ വിരുദ്ധമാണെന്ന് പോളണ്ടിന്റെ ഭരണഘടനാ ട്രൈബ്യൂണൽ ഈ മാസം ആദ്യം വിധിച്ചിരുന്നു. ഈ തീരുമാനം എല്ലാ സാഹചര്യങ്ങളിലും ഗർഭഛിദ്ര നിരോധനമെന്നവസ്ഥയാണ് സൃഷ്ടിക്കുക. അതിനാൽ ഇത് അംഗീകരിക്കുവാനാകില്ലെന്ന ഏകസ്വരമാണ് വാഴ്സോ വീഥികളിൽ മുഴങ്ങിയത്.
കൊറോണ വൈറസ് വ്യാപന പശ്ചാത്തലത്തിൽ പ്രതിഷേധ പ്രകടനക്കാർ സാമൂഹിക അകലം പാലിയ്ക്കാതെ പൊതുജനാരോഗ്യത്തെ അപകടത്തിലാക്കുന്നുവെന്നാണ് പോളണ്ട് ഭരണകൂട ആരോപണം. എന്നാൽ ഗർഭഛിദ്ര അവകാശ സംസ്ഥാപനത്തിനായുള്ള പ്രതിഷേധത്തെ മനുഷ്യാവകാശ പോരാട്ടമെന്ന നിലയിലാണ് പ്രതിഷേധക്കാർ കാണുന്നത്.