ജയ്പുർ: ഗുജ്ജർ ആക്‌ഷൻ സംഘർഷ് സമിതി ആഹ്വാനം ചെയ്ത പ്രക്ഷോഭത്തിന് മുന്നോടിയായി ജയ്പുർ അടക്കം നാലു ജില്ലകളിൽ മൊബൈൽ ഇന്റർനെറ്റ് സേവനം റദ്ദാക്കി. ആറു ജില്ലകളിൽ അധിക പൊലീസ് സേനയെ വിന്യസിച്ചു. ധോൽപുർ അടക്കം കേന്ദ്രങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
സർക്കാർ സർവീസിൽ നിലവിലുള്ള സംവരണത്തിനു പകരം പ്രത്യേക വിഭാഗമായി കണക്കാക്കി അഞ്ചു ശതമാനം സംവരണം ഏർപ്പെടുത്തണം എന്നാവശ്യപ്പെട്ടാണ് പ്രക്ഷോഭം. കഴിഞ്ഞ മാസം ഈ ആവശ്യം ഉന്നയിച്ച് സച്ചിൻ പൈലറ്റ് മുഖ്യമന്ത്രിക്കു കത്തയച്ചിരുന്നു. ഇതോടെയാണു ബിജെപി നേതാവ് കിരോരി സിങ് ബൈൻസല നേതൃത്വം നൽകുന്ന സംഘടന പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തത്.
സമുദായാംഗങ്ങളോടു ഞായറാഴ്ച ഭരത്പുർ ജില്ലയിലെ ബയാന പട്ടണത്തിൽ എത്താനാണു ബൈൻസല ആവശ്യപ്പെട്ടിരിക്കുന്നത്. മുമ്പ് ഇതേ ആവശ്യമുന്നയിച്ചു നടന്ന സമരങ്ങളെ തുടർന്നു ഡൽഹിയിലേക്കും ആഗ്രയിലേക്കുമുള്ള റെയിൽ, റോഡ് ഗതാഗതം ദിവസങ്ങളോളം തടസ്സപ്പെട്ടിരുന്നു.