ലക്നൗ: വിവാഹത്തിന് വേണ്ടി മതം മാറുന്നത് അംഗീകരിക്കാനാകില്ലെന്ന് അലഹബാദ് ഹൈക്കോടതി. ശരിയായ വിശ്വാസത്തോടല്ലാതെ ഒരാള്‍ മതം മാറുന്നത് സ്വീകാര്യമല്ലെന്ന മുന്‍ വിധി ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് മഹേഷ് ചന്ദ്ര ത്രിപാഠിയുടെ ഉത്തരവ്.
മിശ്ര വിവാഹിതരായ ദമ്പതികള്‍, പൊലീസ് സുരക്ഷ തേടി നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. മുസ്ലിം ആയ യുവതി വിവാഹത്തിന് ഒരു മാസം മുമ്പാണ് ഹിന്ദുമതത്തിലേക്ക് മാറിയത്. സെപ്തംബര്‍ 23നാണ് ഇവരുടെ കേസ് ജസ്റ്റിസ് മഹേഷ് ചന്ദ്ര ത്രിപാഠി തള്ളിയത്. ഇവരുടെ വിവാഹ ജീവിതത്തില്‍ ബന്ധുക്കള്‍ ഇടപെടരുതെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു.
2020 ജൂണ്‍ 29നാണ് മുസ്ലീം ആയിരുന്ന സ്ത്രീ ഹിന്ദു മതത്തിലേക്ക് മാറിയത്. 2020 ജൂലൈ ഏഴിന് ഇവര്‍ ഹിന്ദു യുവാവിനെ വിവാഹം ചെയ്തു. വിവാഹത്തിന് വേണ്ടി മാത്രമാണ് മതം മാറിയതെന്ന് കോടതി നിരീക്ഷിച്ചു. 2014 ലെ സമാനമായ ഒരു കേസ് പ്രതിപാദിച്ച ഹൈക്കോടതി വിവാഹത്തിന് വേണ്ടിയുള്ള മതം മാറ്റം അംഗീകരിക്കാനാകില്ലെന്നും വ്യക്തമാക്കി