കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സമാധാനാന്തരീക്ഷം ഇനിയുമകലെ. അഫ്ഗാന്‍ ഭരണകൂടവും താലിബാന്‍ കലാപകാരികളും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ ഇനിയും ലക്ഷ്യം കാണാതെ ഇരുട്ടില്‍ തപ്പുകയാണ്.
അമേരിക്കന്‍ മധ്യസ്ഥതയില്‍ അഫ്ഗാന്‍ താലിബാന്‍ സാമാധാന – ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ ഖത്തറില്‍ സമാരംഭിച്ചുവെങ്കിലും ആത്യന്തിക പരിഹാരമെന്നത് ഇനിയും ഉരുതിരിഞ്ഞിട്ടേയില്ല – ട്ടോളോ ന്യൂസ് ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് അഫ്ഗാനിസ്ഥാനും താലിബാന്‍ സംഘവും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ മന്ദഗതിയിലാകുമ്പോള്‍ തന്നെ താലിബാന്‍ തീവ്രവാദ സംഘത്തിന്റെ ആക്രമണങ്ങള്‍ അഫ്ഗാനില്‍ ദിനേനെ പെരുകുകയാണ്. രാജ്യത്തിന്റെ 34 പ്രവശ്യകളിലെ 28 ലും ആക്രമണ പരമ്പരകളാണ് അരങ്ങേറുന്നത്.
Also read: അഫ്ഗാന്‍-താലിബാന്‍ സമാധാന ചര്‍ച്ച ദോഹയില്‍ തുടങ്ങി
കഴിഞ്ഞ 24 മണിക്കൂറില്‍ ആക്രമണങ്ങളുടെ എണ്ണം ഏറി. ഒക്ടോബര്‍ 29 ന് വടക്കന്‍ പ്രവശ്യ കുന്‍ണ്ടുസില്‍ താലിബാന്‍ ആക്രമണത്തില്‍ ഒരു സുരക്ഷാ സൈനികന്‍ കൊല്ലപ്പെട്ടു. രണ്ടു പേര്‍ക്ക് മാരകമായി പരിക്കേറ്റതായി ട്ടോളോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
സുരക്ഷാ സേനയും താലിബാന്‍ പോരാളികളും തമ്മില്‍ രൂക്ഷമായ പോരാട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയാണ് കുന്‍ണ്ടുസ് മേഖലയെന്ന് കുണ്ടുസ് പ്രൊവന്‍ഷ്യല്‍ കൗണ്‍സില്‍ അംഗം റബ്ബാനി റബ്ബാനി പറഞ്ഞു. ജനങ്ങള്‍ കടുത്ത ഭീതിയിലാണ്. അശാന്തിയിലാണ് – അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഫ്ഗാന്‍ സുരക്ഷാ സേനയും പട്ടാളവും താലിബാനെ തുരത്തുന്നുണ്ടെന്ന് അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയം പറഞ്ഞു.
ഇക്കഴിഞ്ഞ മാസങ്ങളിലുണ്ടായ താലിബാന്‍ ആക്രമണങ്ങളില്‍2 117 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി യുഎന്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ആക്രണങ്ങള്‍ പെരുകുന്നിടത്ത് ജനങ്ങള്‍ക്ക് സമാധാന ചര്‍ച്ചകളില്‍ വിശ്വാസമില്ലാതാകുന്നുവെന്ന് അഫഗാന്‍ ജനീവ സ്ഥാനപതി ന സിര്‍ അഹമ്മദ് അന്‍ദിഷ പറയുന്നു. സമാധാനന്തരീക്ഷം കൂടുതല്‍ വഷളാക്കപ്പെടുമ്പോള്‍ യുഎസ് സേനാ പിന്മാറ്റ നീക്കം അഫ്ഗാനിസ്ഥാനെ ഇനിയും അസ്വസ്ഥതയിലകപ്പെടുത്തുമെന്നത് തീര്‍ച്ചയാവുകയാണ്.