മുംബൈ: ഭീകരാക്രമണത്തിന് പിന്നാലെ ഇസ്‌ലാമിനെതിരെ പ്രതികരിച്ച ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ ചിത്രം റോഡില്‍ പതിച്ച് മുംബൈയില്‍ പ്രതിഷേധം. റോഡില്‍ നിരനിരയായി മക്രോണിന്റെ നിരവധി ചിത്രങ്ങളാണ് ഒട്ടിച്ചിരിക്കുന്നത്. ആളുകളും വാഹനങ്ങളും ഈ ചിത്രങ്ങളിലൂടെയാണ് നീങ്ങുന്നത്.
ഇസ്‌ലാമിനെ പ്രതിസന്ധിയിലുള്ള മതമെന്ന് മാക്രോണ്‍ വിശേഷിപ്പിച്ചതിനെതിരെയാണ് പ്രതിഷേധം. പ്രവാചകന്റെ കാര്‍ട്ടൂണ്‍ വരച്ചതിനെ തുടര്‍ന്ന് ഫ്രാന്‍സില്‍ നടന്ന ഭീകരാക്രമണങ്ങളില്‍ പ്രതികരിക്കുന്നതിനിടെയാണ് മാക്രോൺ ഇസ്‌ലാമിനെതിരെ രംഗത്ത് വന്നത്. മക്രോണിന്റെ പ്രതികരണത്തില്‍ മുസ്‌ലിം രാഷ്ട്രങ്ങളും അതൃപ്തി അറിയിച്ചിരുന്നു.
അതേസമയം, മാക്രോണിന്റെ പോസ്റ്റർ റോഡിൽ ഒട്ടിച്ച സംഭവത്തില്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ പ്രതിപക്ഷമായ ബിജെപി രംഗത്തെത്തി. ശിവസേന ഇസ്‌ലാം ഭീകരതയെ പിന്തുണയ്ക്കുകയാണെന്ന് ബിജെപി ആരോപിച്ചു