മക്ക: ഹറം പള്ളിയിലേക്ക് കാര്‍ ഓടിച്ചുകയറ്റിയ യുവാവ് പിടിയില്‍. വെള്ളിയാഴ്ച രാത്രി 10.30 ഓടെയായിരുന്നു സംഭവം. കാറോടിച്ച യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പള്ളിയിൽ തിരക്ക് കുറവായിരുന്നതിനാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് സൗദി പത്രമായ ഒകാസ് റിപ്പോര്‍ട്ട് ചെയ്തു.
കാറോടിച്ചത് സൗദി പൗരനാണെന്ന് പൊലീസ് വ്യക്തമാക്കി. യുവാവ് മാനസിക വിഭ്രാന്തി പ്രകടിപ്പിക്കുന്നതായും അധികൃതര്‍ പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
കഅ്ബ ഉള്‍ക്കൊള്ളുന്ന ഹറം പള്ളിയുടെ തെക്ക് ഭാഗത്തുള്ള റോഡിലൂടെ അതിവേഗത്തില്‍ എത്തിയ കാര്‍ നിയന്ത്രണം വിട്ട് ഹറമിന്‍റെ ഒരു വാതിലിലേക്ക് ഇടിച്ചുകയറുകയായിരുന്നു. വാതിലിനു മുന്നിലുള്ള ബാരിക്കേഡുകള്‍ തകര്‍ത്താണ് കാര്‍ മുന്നോട്ട് പാഞ്ഞത്.