പൃഥ്വിരാജ്-ബിജുമേനോന്‍ കൂട്ടുകെട്ടില്‍ സംവിധായകന്‍ സച്ചിയൊരുക്കിയ ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് ചെയ്യുന്നു എന്ന റിപ്പോർട്ടുകൾ നേരത്തെ തന്നെ ഉണ്ടായിരുന്നു. ചിത്രത്തിലെ പ്രധാന കഥാപാത്രമായ കണ്ണമ്മയെ തെലുങ്ക് പതിപ്പില്‍ അവതരിപ്പിക്കുന്നത് സായ് പല്ലവിയായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഥാപാത്രത്തിനായി താരത്തെ അണിയറപ്രവര്‍ത്തകര്‍ സമീപിച്ചുവെന്നും സായ് പല്ലവി കരാറില്‍ ഒപ്പിട്ടുവെന്നുമാണ് സൂചന.
മലയാളത്തില്‍ ഗൗരി നന്ദ അവതരിപ്പിച്ച കണ്ണമ്മ, ആദിവാസി ആക്ടിവിസ്റ്റായ ശക്തയായ സ്ത്രീകഥാപാത്രമാണ്. പുരുഷകഥാപാത്രങ്ങളുടെ തമ്മിലെ സംഘര്‍ഷങ്ങള്‍ മുഖ്യ പ്രമേയമായെത്തിയ ചിത്രമായിരുന്നു ‘അയ്യപ്പനും കോശിയു’മെങ്കിലും അവതരണത്തിന്റെ മികവില്‍ ഏറെ പ്രേക്ഷകശ്രദ്ധ നേടിയ കഥാപാത്രമാണ് കണ്ണമ്മ.
ചിത്രത്തില്‍ ബിജുമേനോന്‍ അവതരിപ്പിച്ച ‘അയ്യപ്പന്‍ നായരു’ടെ വേഷത്തിലേക്ക് തെലുങ്ക് താരം പവന്‍ കല്ല്യാണെത്തുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് സായ് പല്ലവിയും ചിത്രത്തിലുണ്ടാകുമെന്ന വാര്‍ത്ത പുറത്തുവരുന്നത്. അതേസമയം, പൃഥ്വിരാജിന്റെ ‘കോശി’ എന്ന കഥാപാത്രത്തിലേക്ക് നടന്‍ നിതിന്‍ റെഡ്ഡിയെ അണിയറപ്രവര്‍ത്തകര്‍ സമീപിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്. കഥാപാത്രങ്ങള്‍ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.
തെലുങ്കില്‍ സാഗര്‍ കെ ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രം സിത്താര എന്റര്‍റ്റെന്‍മെന്റ്‌സാണ് നിര്‍മ്മിക്കുന്നത്. ചിത്രം 2021 ജനുവരിയോടെ റിലീസിനെത്തുമെന്നാണ് സൂചന. പശ്ചാത്തല സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ തെലുങ്ക് പതിപ്പില്‍ എസ് തമനാണ് സംഗീതമൊരുക്കുന്നത്.