ശ്രീനഗര്‍: പീപ്പിള്‍സ് അലയന്‍സ് ഗുപ്കര്‍ ഡിക്ലറേഷന്റെ പ്രതിനിധികള്‍ കാര്‍ഗില്‍ സന്ദര്‍ശിച്ചു. പ്രദേശിക നേതാക്കളുമായി കൂടിക്കാഴ്ച നടത്താനായിരുന്നു സന്ദര്‍ശനം. ഒമര്‍ അബ്ദുള്ള, ഗുലാം നബി ലോണ്‍ ഹഞ്ചുര, നാസിര്‍ അസ്‌ലം വാനി, മുസഫര്‍ ഷാ, വഹീദ് പാര എന്നിവരാണ് ലഡാക്കിലെ യൂണിയന്‍ ടെറിട്ടറി പ്രദേശമായ കാര്‍ഗിലെത്തിയത്.
കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം കാര്‍ഗില്‍ സന്ദര്‍ശിക്കുന്ന ആദ്യത്തെ രാഷ്ട്രീയ പ്രതിനിധി സംഘമാണിത്. ഓഗസ്റ്റ് അഞ്ചിന് ശേഷം അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ വിലയിരുത്താനാണ് സംഘം കാര്‍ഗിലിലെത്തിയത്. ഗുപ്കര്‍ അലയന്‍സിന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിനായി പ്രാദേശിക നേതാക്കളുടെ പിന്തുണയും പ്രതിനിധി സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.
ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കുന്നതിനായി ഏഴ് പ്രധാന പാര്‍ട്ടികള്‍ ചേര്‍ന്നാണ് പീപ്പിള്‍സ് അലയന്‍സിന് രൂപം നല്‍കിയത്. അലയന്‍സിന്റെ ചെയര്‍മാനായി ഫാറൂഖ് അബ്ദുള്ളയെയും വൈസ് ചെയര്‍മാനായി മെഹബൂബ മുഫ്തിയെയും തെരഞ്ഞെടുത്തു.
പിഡിപി, നാഷണല്‍ കോണ്‍ഫറന്‍സ്, സിപിഐഎം, പീപ്പിള്‍സ് കോണ്‍ഫറന്‍സ്, പീപ്പിള്‍സ് മൂവ്‌മെന്റ്, അവാമി നാഷണല്‍ കോണ്‍ഫറന്‍സ് എന്നീ പാര്‍ട്ടികള്‍ ചേര്‍ത്താണ് പീപ്പിള്‍സ് അലയന്‍സ് രൂപീകരിച്ചത്.