ന്യൂ ഡല്‍ഹി: ഫ്യൂച്ചർ ഗ്രൂപ്പും റിലയൻസ് ഇൻ്റസ്ട്രീസ് ലിമിറ്റഡും (ആർഐഎൽ) തമ്മിലുള്ള 24713 കോടി രൂപയുടെ കരാർ സ്റ്റേ ചെയ്തുള്ള സിങ്കപ്പൂർ ആർബി ട്രേറ്ററുടെ ഇടക്കാല വിധി കണക്കിലെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇ-കൊമേഴ്‌സ് വമ്പൻ ആമസോൺ ഓഹരി വിപണി നിയന്താവ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയ്ക്കും (സെബി) സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്കും കത്തെഴുതി- ബിസിനസ്സ് ലൈൻ റിപ്പോർട്ട്.
ഇടക്കാല വിധിന്യായ പകർപ്പ് സെബി, ബിഎസ്‌ഇ, എൻഎസ്‌ഇ എന്നിവയുമായി ആമസോൺ പങ്കുവെച്ചിട്ടുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. ഫ്യൂച്ചർ ഗ്രൂപ്പ്-ആർ ഐഎൽ കരാർ സെബി, കോമ്പറ്റീഷൻ കമ്മീഷൻ തുടങ്ങിയ റെഗുലേറ്ററി അധികാരികളുടെ അംഗീകാരത്തിന് വിധേയമാണ്.
Also Read: “ആമസോണും റിലയൻസും കൊമ്പുകോർക്കുന്നു”
കരാർ ബാധ്യതകളുടെ പവിത്രത ഉയർത്തിപ്പിടിക്കുന്നതുമായി ബന്ധപ്പെട്ട് നിർദ്ദിഷ്ട കരാർ അവലോകനം ചെയ്യപ്പെടേണ്ടതുണ്ട്. സെബിയടക്കമുള്ള ഏജൻസികൾ സിംഗപ്പൂർ ആർബിട്രേറ്ററുടെ ഇടക്കാല ഉത്തരവ് കണക്കിലെടുക്കുന്നത് വിവേകപൂർവ്വ നടപടിയായിരിക്കുമെന്ന് പറയുന്നു.
ഫ്യൂച്ചറും ആമസോണും അനുരജ്ഞനത്തിൻ്റെ സാധ്യത തേടണം. അതുവരെ ഫ്യൂച്ചർ-ആർഐഎൽ ഇടപാട് സ്റ്റേ ചെയ്യുന്നുവെന്ന് ആർബിട്രേറ്ററുടെ ഉത്തരവ് ആവശ്യപ്പെട്ടിട്ടുണ്ട്.
റിലയൻസിന് സ്വത്തുക്കൾ വിൽക്കാനുള്ള ഫ്യൂച്ചർ ഗ്രൂപ്പിൻ്റെ തീരുമാനം നടപ്പിലാക്കരുതെന്ന ആമസോൺ അനുകൂല ഉത്തരവ് ഒക്ടോബർ 25 നാണ് ആർബിട്രേറ്റർ പുറപ്പെടുവിച്ചത്.
യുഎസ് കമ്പനി ആമസോണുമായുള്ള പ്രത്യേക കരാറിൽ കഴിഞ്ഞ വർഷമാണ് ഫ്യൂച്ചര്‍ ഗ്രൂപ്പ് ഒപ്പുവച്ചത്. കരാറിലെ പ്രധാന വ്യവസ്ഥകൾ ഫ്യൂച്ചർ ഗ്രൂപ്പ് ലംഘിച്ചുവെന്നാണ് ആർബിട്രേറ്റർ മുമ്പാകെ ആമസോൺ സമർത്ഥിച്ചത്.
കടം ഉൾപ്പെടെ 3.38 ബില്യൺ ഡോളർ ചില്ലറ വിൽപ്പന – മൊത്തവ്യാപാര – ലോജിസ്റ്റിക് ബിസിനസുകളുൾപ്പെടെ റിലയൻസിന് വിൽക്കുവാൻ എഫ്‌ആർഎൽ ആഗസ്തിലെടുത്ത തീരുമാനമാണ് തർക്ക ഹേതു.