ഡാകർ: സെനഗൽ കുടിയേറ്റക്കാർ യാത്ര ചെയ്തിരുന്ന കപ്പൽ മുങ്ങി 140 പേർക്ക് ജീവഹാനിയുണ്ടായതായി അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു.
യൂറോപ്പ് ലക്ഷ്യമിട്ടായിരുന്നു നാവിക യാത്രയെന്ന് യുഎൻ കുടിയേറ്റ ഏജൻസി അറിയിച്ചു. 200 കുടിയേറ്റക്കാരെ വഹിച്ചുള്ള കപ്പൽ തീപിടിച്ചതിനു ശേഷം മുങ്ങുകയായിരുന്നുവെന്നാണ് പറയുന്നത്.
മത്സ്യ തുറമുഖ നഗരമായ എംബൂറിൽ നിന്നാണ് കപ്പൽ പുറപ്പെട്ടത്. പുറപ്പെട്ട് മണിക്കൂറുകൾക്കകം അപകടമുണ്ടായിയെന്നാണ് രാജ്യാന്തര കുടിയേറ്റ ഏജൻസി പറയുന്നത്.
സെനഗലുകാരും സ്പാനിഷുകാരും മത്സ്യ ബന്ധനത്തിലേർപ്പെട്ടിരുന്നവരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. 60 പേരെ രക്ഷപ്പെടുത്തുവാനായെങ്കിലും 140 യാത്രക്കാർക്ക് ജീവഹാനിയുണ്ടായതായി രാജ്യാന്തര കുടിയേറ്റ ഏജൻസി പത്രകുറിപ്പ് പറയുന്നു.
സെനഗൽ ഭരണകൂടവും രാജ്യാന്തര കുടിയേറ്റ ഏജൻസിയും സംയുക്തമായി രക്ഷാദൗത്യത്തിൽ സജീവമാണ്. അപകടം സ്ഥലത്തേക്ക് രക്ഷാപ്രവർത്തകർ യാത്ര തിരിച്ചിട്ടുണ്ട്. രക്ഷപ്പെട്ടവർക്കുവേണ്ട ഭൗതിക സൗകര്യങ്ങൾ ഒരുക്കി മാനസിക പിൻബലം നൽകുകയെന്നതാണ് രക്ഷാദൗത്യ സംഘത്തിൻ്റെ മുഖ്യ ഊന്നൽ.
കൊടിയ ദാരിദ്രത്തിൽ നിന്നു രക്ഷതേടി പടിഞ്ഞാറൻ ആഫ്രിക്കയിൽ നിന്നു് കാനറി ദ്വീപുകളിലേക്കുള്ള നാവിക യാത്ര അത്യന്തം അപകടം നിറഞ്ഞതാണ്. ഈയ്യിടെയായി ഈ നാവിക പാതയിൽ യാത്രകൾ വർദ്ധിച്ചതായി പറയുന്നു. സെപ്തംബറിൽ മാത്രം 663 കുടിയേറ്റുക്കാരെ വഹിച്ച് ഈ നാവിക പാതയിലൂടെ 14 ബോട്ടുകൾ കടന്നുപോയെന്ന് പറയുന്നു.