ന്യൂ ഡല്‍ഹി: ഫ്രാന്‍സില്‍ ഭീകരാക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നൈസ് നഗരത്തില്‍ ഇന്നലെ മൂന്ന് പേര്‍ കൊല്ലപ്പെട്ട സംഭവത്തെ ഉള്‍പ്പെടെ പ്രധാനമന്ത്രി അപലപിച്ചു.
‘നൈസ് നഗരത്തിലെ ചര്‍ച്ചിനുള്ളില്‍ ഇന്ന് നടന്ന ആക്രമണമുള്‍പ്പെടെ ഫ്രാന്‍സില്‍ നടന്ന ഭീകരാക്രമണത്തെ ഞാന്‍ ശക്തമായി അപലപിക്കുന്നു. ഇരകളുടെ കുടുംബത്തിനും ഫ്രാന്‍സിലെ ജനങ്ങള്‍ക്കും ഞങ്ങളുടെ അനുശോചനം അറിയിക്കുന്നു. തീവ്രവാദത്തിനെതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യ ഫ്രാന്‍സിനൊപ്പം നില്‍ക്കുന്നു,’ മോദി ട്വീറ്റ് ചെയ്തു.
വ്യാഴാഴ്ചയാണ് ഫ്രാന്‍സിലെ നൈസ് നഗരത്തിലെ ചര്‍ച്ചിനുള്ളില്‍ അക്രമിയെത്തി കൊല നടത്തിയത്. ഭീകരാക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ടുണീഷ്യയില്‍ നിന്നും ഫ്രാന്‍സിലെത്തിയ 21 കാരനായ യുവാവാണ് പ്രതി. ഫ്രഞ്ച് ഇറ്റാലിയന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം ബ്രാഹിം അയ്സുറി എന്നാണ് പ്രതിയുടെ പേര്. ഇറ്റാലിയന്‍ റെഡ് ക്രോസ് ഡോക്യുമെന്റ് ഇറക്കിയ അറിയിപ്പ് പ്രകാരം സെപ്റ്റംബര്‍ 20 നാണ് ഇയാള്‍ യൂറോപ്പിലെത്തിയത്. ഇറ്റലിയില്‍ എത്തിയ ഇയാള്‍ പിന്നീട് ഫ്രാന്‍സിലേക്ക് കടക്കുകയായിരുന്നു.