മുംബൈ: ടിആര്‍പി റേറ്റിങ് തട്ടിപ്പ് കേസില്‍ റിപ്പബ്ലിക് ടിവി നിക്ഷേപകര്‍ക്ക് സമന്‍സ്. കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് റിപ്പബ്ലിക് ടിവിയുടെ അഞ്ച് നിക്ഷേപകര്‍ക്ക് സമന്‍സ് അയച്ചത്. ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാനാണ് നിര്‍ദേശം.
നിലവില്‍ ടിആര്‍പി തട്ടിപ്പ് കേസില്‍ അന്വേഷണം നേരിടുകയാണ് റിപ്പബ്ലിക് ടിവി. ഇതിന് പുറമെ മൂന്ന് എഫ്ഐആറും മുംബൈ പൊലീസ് ചാനലിനും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
അര്‍ണബ് ഗോസ്വാമിയ്‌ക്കെതിരെ മാത്രം നേരത്തെ രണ്ട് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. രണ്ട് വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചുവെന്നാണ് അര്‍ണബിനെതിരായ കേസ്. റിപ്പബ്ലിക് ടിവി ഉള്‍പ്പെടെ മൂന്ന് ചാനലുകള്‍ റേറ്റിങില്‍ കൃത്രിമത്വം കാണിച്ചെന്ന മുംബൈ പൊലീസിന്റെ കണ്ടെത്തല്‍ ഏറെ ചര്‍ച്ചയായിരുന്നു.
ചാനലുകളുടെ റേറ്റിങ് നിശ്ചയിക്കുന്ന ബാര്‍ക്ക് മീറ്റര്‍ സ്ഥാപിച്ചിട്ടുള്ള വീടുകളില്‍ ചെന്ന് റിപ്പബ്ലിക് ടിവി കാണാന്‍ പണം വാഗ്ദാനം ചെയ്‌തെന്നാണ് മുംബൈ പൊലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായത്. റിപ്പബ്ലിക് ടിവി കാണാന്‍ വേണ്ടി ആളുകള്‍ക്ക് മാസം 400 രൂപ വീതം വാഗ്ദാനം ചെയ്തതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.