ന്യൂ ഡല്‍ഹി: സിപിഎം കേന്ദ്ര കമ്മിറ്റിയോഗം ഇന്നും നാളെയുമായി ചേരും. പശ്ചിമബംഗാളിൽ കോണ്‍ഗ്രസുമായുള്ള സഖ്യം സംബന്ധിച്ച പ്രഖ്യാപനം കേന്ദ്ര കമ്മിറ്റിക്ക് ശേഷം ഉണ്ടായേക്കും. പിബി തയ്യാറാക്കിയ ശുപാര്‍ശയിൽ സഖ്യം വേണം എന്ന നിലപാട് സ്വീകരിച്ചിരുന്നു.
കേരള ഘടകം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനീഷിന്‍റെ അറസ്റ്റും മുഖ്യമന്ത്രി പിണറായി വിജയന്‍റെ മുൻ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അറസ്റ്റുമുയര്‍ത്തിയ രാഷ്ട്രീയ കോളിളക്കത്തിന്‍റെ പശ്ചാത്തലത്തില്‍ ചേരുന്ന യോഗത്തില്‍, കേരളത്തിലെ സംഭവവികാസങ്ങള്‍ ഗൗരവതരമായി ചര്‍ച്ച ചെയ്യുമെന്നാണ് സൂചന.
വിശദമായ ചര്‍ച്ച ഉണ്ടാകില്ലെന്നാണ് നേതാക്കൾ പറയുന്നതെങ്കിലും, പാര്‍ട്ടി സെക്രട്ടറിയുടെ മകൻ കൂടി അറസ്റ്റിലായ സാഹചര്യത്തിൽ ചര്‍ച്ചകൾ നടക്കാൻ തന്നെയാണ് സാധ്യത. ഇരുവരുടെയും അറസ്റ്റ് ഇരട്ടപ്രഹരമാകുമ്പോഴും മുഖ്യമന്ത്രിയുടെ രാജി വേണ്ടെന്ന നിലപാടിൽ സിപിഎം കേന്ദ്രനേതൃത്വം ഉറച്ചു നില്‍ക്കുകയാണ്. അന്വേഷണത്തിലൂടെ വസ്തുതകൾ വരട്ടെയന്നും പാർട്ടിക്ക് പ്രതിസന്ധിയില്ലെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്നലെ പ്രതികരിച്ചിരുന്നു.