പാരീസ്: തെക്കന്‍ ഫ്രാന്‍സിലെ നീസ് പട്ടണത്തിലെ ക്രിസ്ത്യന്‍ പള്ളിക്ക് സമീപം നടന്ന ഭീകരാക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഒരു സ്ത്രീയെ കഴുത്തറുത്ത് കൊന്ന അക്രമി മറ്റ് രണ്ട് പേരെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സംഭവം തീവ്രവാദി ആക്രമണമാണെന്ന് നീസ് മേയര്‍ പറഞ്ഞു. നഗരത്തിലെ നോത്രദാം പള്ളിയുടെ സമീപത്താണ് ആക്രമണം നടന്നത്. അക്രമിയെ പൊലീസ് പിടികൂടി.
സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കൊല്ലപ്പെട്ട ഒരാള്‍ പള്ളിയുടെ കെയര്‍ ടേക്കറാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവം നടക്കുന്ന സമയത്ത് പള്ളിക്കുള്ളില്‍ നിരവധി ആളുകളുണ്ടായിരുന്നു.
പ്രവാചകന്റെ മോശം കാർട്ടൂൺ പ്രദർശിപ്പിച്ചതിന് പാരിസിൽ സ്കൂൾ അധ്യാപകനെ തലയറുത്ത് കൊന്നത് കഴിഞ്ഞ ദിവസമാണ്. എന്നാൽ നിലവിലെ അക്രമണം കാർട്ടൂൺ വിവാദത്തെ തുടർന്നാണോയെന്ന് വ്യക്തമല്ല.
അധ്യാപകന്റെ കൊലപാതകത്തെ തുടർന്ന് ഭീകരാക്രമണത്തിനെതിരെയുള്ള പ്രതികരണമായി രാജ്യവ്യാപകമായി വിവാദ കാർട്ടൂൺ പ്രദർശിപ്പിച്ചിരുന്നു. എന്നാൽ സംഭവം മതവികാരം വ്രണപ്പെടുത്തിയെന്ന കാരണത്താൽ ഫ്രാൻസും പശ്ചിമേഷ്യൻ രാജ്യങ്ങളും തമ്മിലെ അസ്വാരസ്യങ്ങൾക്ക് ഇത് വഴിവെക്കുകയായിരുന്നു.
ഫ്രാൻസിലെ തീവ്രവാദ വിരുദ്ധ പ്രോസിക്യൂട്ടെർസ് വിഭാഗം സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ആക്രമണത്തിന്റെ പിന്നിലെ കാരണം വ്യക്തമായിട്ടില്ല