കൊളംബോ: ചൈനീസ് കമ്മ്യൂണിസ്റ്റ് ഭരണകൂടം വേട്ടക്കാരനെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. ശ്രീലങ്കയുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കാനുള്ള നയതന്ത്ര ദൗത്യവുമായി കൊളംബോ സന്ദർശനത്തിനിടെ ഒക്ടോബര്‍ 28നാണ് പോംപിയോ ചൈനീസ് ഭരണകൂടത്തെ വേട്ടക്കാരനെന്ന് ചിത്രീകരിച്ചത്- അൽജസീറ റിപ്പോർട്ട്.
ശ്രീലങ്ക- ചൈന നയതന്ത്ര ബാന്ധവം എക്കാലത്തേക്കാളും ശക്തിപ്പെട്ടിരിക്കുന്ന വേളയിലാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുടെ ഈ പരാമർശമെന്നത് നയതന്ത്ര മണ്ഡലങ്ങളിൽ ഏറെ ശ്രദ്ധേയമായിട്ടുണ്ട്.
ശ്രീലങ്കയ്ക്ക് തെക്ക് ഇന്ത്യൻ മഹാസമുദ്ര സമുദ്ര പാതകൾ തുറന്നിടുന്നതുമായി ബന്ധപ്പെട്ട സുരക്ഷാ സഹകരണത്തെക്കുറിച്ച് പ്രസിഡന്റ് ഗോതബയ രാജപക്സെയുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമായിരുന്നു പോംപിയോയുടെ ഏറ്റവും പുതിയ ചൈനാവിരുദ്ധ പ്രസ്താവന.
ശക്തമായ പരമാധികാരമുള്ള ശ്രീലങ്ക ലോക വേദിയിൽ അമേരിക്കയുടെ ശക്തമായ തന്ത്രപരമായ പങ്കാളിയാണ് – പോംപിയോ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ശ്രീലങ്കയിൽ 12 മണിക്കൂർ സന്ദർശനമാണ് നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. നാല് രാഷ്ട്ര സന്ദർശന ദൗത്യവുമായാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഇന്ത്യയിൽ ടു പ്ലസ് ടു ചർച്ചകൾക്കായി എത്തിയത്. ഡല്‍ഹി ടു പ്ലസ് ടു ചർച്ചകൾക്ക് ശേഷമാണ് പോംപിയോ ശ്രീലങ്കയിലെത്തിയത്. ഇന്ത്യാ- പസിഫിക്ക് രാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുവാനുള്ള നയതന്ത്ര ദൗത്യത്തിൻ്റെ ഭാഗമാണ് പോoപിയോയുടെ ഇന്ത്യയടക്കുള്ള നാലു രാഷട്ര സന്ദർശനം.
ശ്രീലങ്കൻ ജനതക്ക് പരമാധികാരവും സ്വാതന്ത്ര്യവും ലഭിക്കണമെന്ന് അമേരിക്ക ആഗ്രഹിക്കുന്നു. അവർ വിജയിക്കണമെന്ന് അമേരിക്ക ആഗ്രഹിക്കുന്നു. ശ്രീലങ്കക്ക് സുസ്ഥിര വികസനം വേണം. വാഷിങ്ടൺ സൈനിക പരിശീലനം നൽകി. അടുത്തിടെ രണ്ട് കോസ്റ്റ്ഗാർഡ് കപ്പലുകൾ നൽകി. അമേരിക്കയുടെ ഈ സഹായങ്ങൾ ശ്രീലങ്കക്കുളള ചൈനീസ് സഹായത്തിന് വിരുദ്ധമാണെന്ന് പോംപിയോ വിവരിച്ചു.
പോoപിയോയുടെ ചൈനീസ് വിരുദ്ധ പരമാർശത്തിന് ചൈനക്ക് മറുപടിയുണ്ട്, “ക്ഷമിക്കണം, സെക്രട്ടറി പോംപിയോ, നിങ്ങളുടെ ഏലിയൻ വേഴ്സസ് പ്രിഡേറ്റർ പന്തയത്തിൽ ഞങ്ങൾക്ക് താല്പര്യമല്ല. ചൈന- ശ്രീലങ്ക സൗഹൃദവും സഹകരണവും പ്രോത്സാഹിപ്പിക്കുന്ന തിരക്കിലാണ് ഞങ്ങൾ.”
പോംപിയോ തന്റെ സന്ദർശനത്തിനിടെ ചൈനീസ് ബന്ധത്തിൻ്റെ പേരിൽ ശ്രീലങ്കയെ ഭീഷണിപ്പെടുത്താൻ ശ്രമിച്ചുവെന്ന ആരോപണവും ചൈനീസ് എംബസി ഉന്നയിച്ചു.
ശ്രീലങ്കൻ വിദേശകാര്യമന്ത്രി ദിനേശ് ഗുണവർധന ചൈനയെക്കുറിച്ച് പരാമർശിച്ചില്ല. എന്നാൽ പോംപിയോയുമായുള്ള പത്രസമ്മേളനത്തിൽ രാജ്യം ചേരിചേരാ വിദേശനയത്തിലാണെന്ന് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
രാജപക്സെയുടെ സഹോദരൻ മഹീന്ദയാണ് 2005 മുതൽ 2015 വരെ ശ്രീലങ്കൻ നേതാവ്. ഈ വേളയിൽ അടിസ്ഥാന സൗകര്യങ്ങൾക്കായി ശ്രീലങ്ക ചൈനയിൽ നിന്ന് കോടിക്കണക്കിന് ഡോളർ കടമെടുത്തു. കൊളംബോ ബിജിങിനോട് കോടിക്കണക്കിന് ഡോളർ കടപ്പെട്ടിരിക്കുന്നു – തിരിച്ചടവിന് മാർഗമില്ലാതെ.
ഹംമ്പന്തോട്ട തുറമുഖ നിർമ്മാണത്തിനായി 1.4 ബില്യൺ ഡോളർ ചൈനീസ് വായ്പ ശ്രീലങ്ക സ്വീകരിച്ചിരുന്നു. തിരിച്ചടവ് മുടങ്ങിയതോടെ 2017 ൽ 99 വർഷത്തേക്ക് ഒരു ചൈനീസ് സ്ഥാപനത്തിന് തുറമുഖം പാട്ടത്തിന് നൽകാൻ ശ്രീലങ്ക നിർബന്ധിതമായി.