കൊച്ചി: മഹേഷ് നാരായണനും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്നെന്ന് റിപ്പോര്‍ട്ട്. നവാഗത സംവിധായകന്‍ സജിമോന്റെ ചിത്രത്തിന് മഹേഷ് നാരായണനാണ് തിരക്കഥയൊരുക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
മഹേഷ് നാരായണന്‍, വികെ പ്രകാശ്, വേണു തുടങ്ങിയവര്‍ക്കൊപ്പം അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് സജിമോന്‍. അടുത്ത വര്‍ഷം തുടക്കത്തോടെ തന്നെ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്.
സജിമോന്റെ ചിത്രത്തില്‍ ഫഹദ് നായകനാകാന്‍ ഒരുങ്ങുന്നതായി ഈ വര്‍ഷം ആദ്യം തന്നെ റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. ഈ സിനിമയ്ക്ക് റാഫി തിരക്കഥയൊരുക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്.
ജോജുവും ചിത്രത്തില്‍ പ്രധാനവേഷത്തിലുണ്ടാകുമെന്ന് വാര്‍ത്തയുണ്ടായിരുന്നു. റാഫിയുടെ മുന്‍ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി റിയലിസ്റ്റിക് എന്റര്‍ടൈനര്‍ എന്ന തരത്തില്‍ ചിത്രമൊരുക്കാനായിരുന്നു പദ്ധതി. നേരത്തെ ടേക്ക് ഓഫ്, സീ യു സൂണ്‍, മാലിക് എന്നീ ചിത്രങ്ങളില്‍ മഹേഷും ഫഹദും ഒന്നിച്ചിരുന്നു. മാലിക് റിലീസിന് തയ്യാറെടുക്കുകയാണ്.