ബാഴ്‌സലോണ: സ്പാനിഷ് ക്ലബ് എഫ്‌സി ബാഴ്‌സലോണ പ്രസിഡന്റ് ജോസപ് മരിയ ബാര്‍തോമ്യു രാജിവച്ചു. ചാമ്പ്യന്‍ഷിപ്പുകളിലെ തുടര്‍ച്ചയായ തോല്‍വിക്കും സൂപ്പര്‍ താരം ലയണല്‍ മെസി വിവാദത്തിനും പിന്നാലെയാണ് രാജി.
ചൊവ്വാഴ്ച വൈകിട്ട് നടന്ന യോഗത്തിനൊടുവിലാണ് ബെര്‍തോമ്യുവും ഭരണസമിതിയും രാജിവയ്ക്കാന്‍ തീരുമാനിച്ചത്. മെസി വിവാദത്തിനും സുവാരസിന്റെ പുറത്താവലിനും പിന്നാലെ ക്ലബ് പ്രസിഡന്റിനെതിരെ ഉയര്‍ന്ന പ്രതിഷേധത്തില്‍ നവംബര്‍ ആദ്യവാരം നിലവിലെ ഭരണസമിതിക്കെതിരെ അവിശ്വാസപ്രമേയം അവതരിപ്പിക്കാനിരിക്കേയാണ് ബെര്‍തോമ്യുവിന്റെ രാജി.
ആറുവര്‍ഷം പ്രസിഡന്റായി അധികാരത്തിലിരുന്ന ബെര്‍തോമ്യു കഴിഞ്ഞ കുറേ നാളുകളായി ആരോപണങ്ങളുടെ മുള്‍മുനയിലായിരുന്നു. 2014ലാണ് ബാഴ്‌സയുടെ പ്രസിഡന്റായി ബെര്‍തോമ്യു ചുമതലയേറ്റത്. എന്നാല്‍ കഴിഞ്ഞ സീസണില്‍ ഒരു കിരീടം പോലും നേടാന്‍ ബാഴ്‌സലോണയ്ക്ക് സാധിച്ചിരുന്നില്ല. പുതിയ താരങ്ങളെ സൈന്‍ ചെയ്യാതിരുന്നതും സാമ്പത്തിക പ്രശ്‌നങ്ങളും ബെര്‍തോമ്യുവിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി.