ടെഹ്റാൻ: ഇറാൻ ഭൂഗർഭ യുറേനിയം ശുദ്ധീകരണ പ്ലാന്റ് നിർമ്മാണം ആരംഭിച്ചതായി ഐക്യരാഷ്ട്രസഭയുടെ രാജ്യാന്തര ആണവോർജ്ജ ഏജൻസി (ഐഎഇഎ) പരിശോധകർ സ്ഥിരീകരിച്ചതായി എപി ന്യൂസിനെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട്.
ഇറാൻ കൂടുതൽ സമ്പുഷ്ട യുറേനിയം ശേഖരിക്കുന്നത് തുടരുകയാണ്. അത് പക്ഷേ ആണവായുധം നിർമ്മിക്കാൻ പര്യാപ്തമല്ലെന്ന് ഐഎഇഎ ഡയറക്ടർ ജനറൽ റാഫേൽ ഗ്രോസി ഒക്ടോബർ 27 ന് ബർലിനിൽ വച്ച് അസോസിയേറ്റ് പ്രസ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ജൂലൈയിൽ നതാൻസ് ന്യൂക്ലിയർ പ്ലാൻ്റിൽ സ്ഫോടനം നടന്നിരുന്നു. സ്ഫോടനം അട്ടിമറിയണെന്നും പിന്നിൽ ഇസ്രായേലാണെന്നും ടെഹ്റാൻ സംശയമുന്നയിച്ചിരുന്നു. സ്ഫോടനത്തെത്തുടർന്ന് സമീപ പർവ്വത മേഖലയിൽ തന്നെ പുതിയതും കൂടുതൽ സുരക്ഷിതവുമായ പ്ലാൻറ് നിർമ്മിക്കുമെന്ന് ഇറാൻ സൂചിപ്പിച്ചിരുന്നു.
Also Read: “ആണവനിലയ തീപിടുത്തം: സൈബര്‍ ആക്രമണ സാധ്യത തള്ളാതെ ഇറാന്‍”
ഇറാന്റെ മധ്യ ഇസ്ഫഹാൻ പ്രവിശ്യയിലെ നതാൻസ് ന്യൂക്ലിയർ പ്ലാൻറ് സൈറ്റുമായി ബന്ധപ്പെട്ട ഉപഗ്രഹ ചിത്രങ്ങൾ വിദഗ്ധർ വിശകലനം ചെയ്തു. എന്നാൽ നിർമ്മാണത്തിന്റെ വ്യക്തമായ അടയാളങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ലെന്നും പറയുന്നുണ്ട്.
പ്ലാൻ്റ് നിർമ്മാണം ആരംഭിച്ചിട്ടുണ്ട്. അത് പക്ഷേ പൂർത്തിയായിട്ടില്ല. ഇത് ഒരു നീണ്ട പ്രക്രിയയാണ്- ഇത് ഗ്രോസിയുടെ വാക്കുകൾ. ഇത് രഹസ്യാത്മക വിവരങ്ങളാണ്. കൂടുതൽ വിശദാംശങ്ങൾ പങ്കു വയ്ക്കുവാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇറാന്റെ യുഎൻ ദൗത്യം ഐഎഇഎ ഡയറക്ടർ ജനറൽ റാഫേൽ ഗ്രോസിയുടെ വെളിപ്പെടുത്തലിനോട് പ്രതികരിച്ചിട്ടില്ല.
Also Read: “ഐഎഇഎ തലവന്‍ ഇറാന്‍ സന്ദര്‍ശിച്ചു”
2002 മുതൽ നതാൻസ് ന്യൂക്ലിയർ പ്ലാൻ്റിൽ ടെഹ്റാൻ ആണവായുധം നിർമ്മിക്കുന്നുവെന്ന കടുത്ത സംശയത്തിലാണ് ഇസ്രായേൽ – അമേരിക്കയടക്കുള്ള പാശ്ചാത്യ രാജ്യങ്ങൾ. ടെഹ്റാനിൽ നിന്ന് 200 കിലോമീറ്റർ അകലെ തെക്കുഭാഗത്തായാണ് ഇസ്രായേൽ – അമേരിക്കയടക്കുള്ളവരുടെ കണ്ണിലെ കരടായ നതാൻസ് ന്യൂക്ലിയർ പ്ലാൻ്റ്.
Also Read: “ആണവനിലയ സ്ഫോടനം അട്ടിമറിയെന്ന് ഇറാൻ”
അമേരിക്കയും ഇസ്രായേലും സൃഷ്ടിച്ചെടുത്ത സ്റ്റക്സ്നെറ്റ് കമ്പ്യൂട്ടർ വൈറസിലൂടെ നതാൻസ് പ്ലാൻ്റിനെ തകർക്കാൻ ഇരു രാഷ്ട്രങ്ങളും കിണഞ്ഞുപരിശ്രമിച്ചുകൊണ്ടിരിക്കുന്നവെന്ന് ഇറാൻ്റെ ആരോപണം തുടർന്നു കൊണ്ടേയിരിക്കുന്നു.