ന്യൂ ഡല്‍ഹി: കണക്കിലുൾപ്പെടാത്ത പണത്തിന് വ്യാജരേഖകളുണ്ടാക്കുന്ന റാക്കറ്റുകൾക്ക് വലവിരിച്ച് ആദായ നികുതി വകുപ്പ്. ഇത്തരം റാക്കറ്റുകളെ കണ്ടെത്താൻ ആദായ നികുതി വകുപ്പ് റെയ്ഡുകൾ നടത്തി- ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട്.
ഡല്‍ഹി- ദേശീയ തലസ്ഥാന മേഖല, ഹരിയാന, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ സംസ്ഥാനങ്ങളിൽ 42 ഇടങ്ങളിലായിരുന്നു ആദായ നികുതി വകുപ്പിൻ്റെ റെയ്ഡ്. 500 കോടിയിലധികം രൂപയുടെ വ്യാജരേഖകൾ റെയ്ഡിൽ കണ്ടെത്തിയതായി ആദായനികുതി വകുപ്പ് ഇന്ന് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.
കണക്കിൽപ്പെടാത്ത പണത്തിന് കൃത്രിമമായ കണക്കുണ്ടാക്കുന്നതിനായി വ്യാജ സ്ഥാപനങ്ങളുടെ വ്യാജ ബില്ലുകളും സുരക്ഷിതമല്ലാത്ത വായ്പകളും സൃഷ്ടിക്കുന്ന രീതിയാണ് കള്ളപ്പണം വെളുപ്പിക്കൽ റാക്കറ്റുകൾ അവലംബിക്കുന്നത്. വ്യാജ സ്ഥാപനങ്ങളുടെ പേരിലാണ് പണമിടപ്പാടുകളെന്ന് ആദായ നികുതി വകുപ്പിൻ്റെ വിശദമായ റെയ്ഡിൽ തെളിഞ്ഞു. പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളെ ഇത്തരം വ്യാജ സ്ഥാപനങ്ങളിലെ ഡമ്മി ഡയറക്ടർമാർ / പങ്കാളികളാക്കി. എല്ലാ ബാങ്ക് അക്കൗണ്ടുകളും ഇവരിലൂടെയാണ് നിയന്ത്രിക്കപ്പെടുന്നത്.
റെയ്ഡ് ചെയ്യപ്പെട്ടവർ നിരവധി ബാങ്ക് അക്കൗണ്ടുകളുടെയും ലോക്കറുകളുടെയും ഉടമകളാണ്. അക്കൗണ്ടുകളും ലോക്കറുകളും പക്ഷേ അവരുടെ കുടുംബാംഗങ്ങൾ, ജീവനക്കാർ അല്ലെങ്കിൽ വ്യാജ സ്ഥാപനങ്ങളുടെ പേരിലാണ്. ബാങ്ക് ഉദ്യോഗസ്ഥരുമായി ചേർന്ന് ഈ റാക്കറ്റിലുൾപ്പെട്ടവർ ഓൺലൈനിൽ വ്യാജ അക്കൗണ്ടുകൾ എങ്ങനെ കൈകാര്യം ചെയ്തുവെന്നത് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും ആദായ നികുതി വകുപ്പ് പ്രസ്താവനയിൽ പറയുന്നു.
റെയ്ഡിൽ 2.37 കോടി രൂപയും 2.89 കോടി രൂപയുടെ ആഭരണങ്ങളും പിടിച്ചെടുത്തു. ഇതുവരെ പ്രവർത്തിക്കാത്ത 17 ബാങ്ക് ലോക്കറുകളും കണ്ടെത്തി.