ടെഹ്‌റാൻ: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോനിൻ്റെ ഇസ്ലാം വിരുദ്ധ പരാമർശത്തെ വിമർശിച്ച് ഇറാൻ വിദേശകാര്യ മന്ത്രി. വിദ്വേഷ സംസ്കാരത്തിന്റെ പ്രധാന ഇരകൾ മുസ്ലീങ്ങളാണെന്ന് മന്ത്രി മുഹമ്മദ് ജവാദ് സരീഫ് മക്രോനെ നേരിട്ട് അഭിസംബോധന ചെയ്യാതെ ട്വീറ്റ് ചെയ്തു – റോയിട്ടേഴ്സ് റിപ്പോർട്ട്.
1.9 ബില്യൻ മുസ്ലിങ്ങളെയും അവരുടെ പവിത്രതയെയും മാനിയ്ക്കാത്ത തീവ്രവാദികളുടെ വെറുപ്പുളവാക്കുന്ന കുറ്റകൃത്യങ്ങളെ വിമർശിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിൻ്റെ അവസരവാദപരമായ ദുരുപയോഗമാണ്. അത് തീവ്രവാദത്തെ ആളിക്കത്തിക്കുന്നതിന് തുല്യമെന്ന് ഇറാൻ വിദേശകാര്യമന്ത്രി കൂട്ടിച്ചേർത്തു.
മുഹമ്മദ് നബിയുടെ കാരിക്കേച്ചറുകൾ ക്ലാസ്സിൽ കാണിച്ചതിന് ഈ മാസം ഒരു ചെചെൻ കൗമാരക്കാരൻ ചരിത്ര അദ്ധ്യാപകൻ്റെ ശിരസ് ഛേദിച്ചിരുന്നു. അദ്ധ്യാപകന് ആദരാഞ്ജലി അർപ്പിച്ച് മക്രോൻ ഇസ്ലാമിക വിഘടനവാദത്തിനെതിരെ യുദ്ധ പ്രഖ്യാപനം നടത്തിയതാണ് ഇസ്ലാമിക രാഷ്ട്രങ്ങളെ ചൊടിപ്പിച്ചിട്ടുള്ളത്.
ചില മുസ്ലീം രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇറാനിലെ പൗരോഹിത്യ ഭരണകൂടം ഫ്രഞ്ച് ഉല്പന്നങ്ങൾ ബഹിഷ്‌കരിക്കാൻ ആവശ്യപ്പെട്ടിട്ടില്ല. അതേസമയം, പാർലമെന്റ് അദ്ധ്യക്ഷനും ജുഡീഷ്യറിയുമുൾപ്പെടെ നിരവധി ഇറാനിയൻ ഉദ്യോഗസ്ഥ – രാഷ്ട്രീയ നേതാക്കൾ മക്രോനിൻ്റെ ‘ഇസ്ലാമോഫോബിയ’ (ഇസ്ലാം വിരുദ്ധത ) യെ അപലപിച്ചുവെന്ന് ഇറാനിയൻ ഔദ്യോഗിക മീഡിയ റിപ്പോർട്ട് ചെയ്യുന്നു.
മക്രോനിന്റെ യുക്തിരഹിത പെരുമാറ്റത്തിൽ പ്രകടമായത് അദ്ദേഹത്തിൻ്റെ രാഷ്ട്രീയ ക്രൂരതയാണ്. യൂറോപ്പിൻ്റെ നേതൃത്വത്തിലേക്കെത്തുവാനുള്ള ത്വരയാണ് ഇസ്ലാമിനെതിരെ വിദ്വേഷം വമിക്കുവാൻ മക്രോനി നെ പ്രേരിപ്പിച്ചത് – ഇത് ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനിയുമായി ഏറ്റവും അടുപ്പം പുലർത്തുന്ന അലി ഷംഖാനിയുടെ വാക്കുകൾ.
മക്രോൻ ചരിത്രം ഇനിയും വായിയ്ക്കണം. പഠിയ്ക്കണം. അധ:പതനത്തിലേക്ക് നടന്നുകയറുന്ന അമേരിക്കയുമായുള്ള ബാന്ധവത്തിലും സിയോണിസത്തിലും മാത്രം അഭിരമിച്ചാൽ പോര മക്രോൻ – ഇറാൻ സുപ്രീം സുരക്ഷാ കൗൺസിൽ സെക്രട്ടറി കൂടിയായ അലി ഷംഖാനി പറഞ്ഞു.
തുർക്കി, സൗദി, കുവൈറ്റ്, പാക്കിസ്ഥാൻ തുടങ്ങിയ ഇസ്ലാ മിക രാഷ്ട്രങ്ങൾ മാക്രോനിൻ്റെ പ്രസ്താവനക്കെതിരെ പ്രതിഷേധ സ്വരങ്ങളുയർത്തിയിട്ടുണ്ട്. തുർക്കി പ്രസിഡൻറ് ഏർദോഗൻ പറഞ്ഞത് മക്രോനിന് മാനസിക ചികിത്സ വേണമെന്നാണ്. കുവൈറ്റടക്കമുള്ള രാഷ്ട്രങ്ങളാണ് ഫ്രഞ്ച് ഉല്പന്ന ബഹിഷ്ക്കരണത്തിന് ആഹ്വാനം നൽകിയിട്ടുള്ളത്.