ന്യൂഡെല്‍ഹി: ഇന്തോ- യുഎസ് ടു പ്ലസ് ടു സംഭാഷണത്തിനായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പറും ഇന്ന് ഒക്ടോബര്‍ 26 ന് ഉച്ചയ്ക്ക് ദില്ലിയിലെത്തി. ചര്‍ച്ച ഒക്ടോബര്‍ 27ന് – ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട്.
മൂന്നാമത്തെ ഇന്തോ- യുഎസ് ടു പ്ലസ് ടു പ്രതിരോോധ – വിദേശമന്ത്രിതല ചര്‍ച്ച മുഖ്യമായും നയതന്ത്ര – സുരക്ഷാ ലക്ഷ്യങ്ങളിലൂന്നിയാണ്. ഈ ലക്ഷ്യസാധൂകരണത്തില്‍ ഇരു രാജ്യങ്ങളുടെയും പ്രതിബദ്ധത ഏറെ വ്യക്തമാക്കുന്നതാണ് ഇന്തോ- യുഎസ് ടു പ്ലസ് ടു ചര്‍ച്ചകളെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
Also read:ഇന്ത്യ – യു എസ് ടു പ്ലസ് ടു സംഭാഷണം തയ്യാറെടുപ്പുകൾ തുടങ്ങി
ഇന്ത്യ, ശ്രീലങ്ക, മാലിദ്വീപ്, ഇന്തോനേഷ്യ എന്നിവിടങ്ങളിലേക്കുള്ള തന്റെ യാത്ര നീളും. സ്വതന്ത്രവും ശക്തവും സമ്പന്നവുമായ ഇന്തോ- പസിഫിക്ക് രാഷ്ട്ര പങ്കാളികളുമായി ബന്ധപ്പെടുവാനുള്ള അവസരത്തിന് നന്ദി -ഇന്ത്യയിലേക്ക് യാത്ര തിരിക്കുന്നതിന് മുമ്പ് പോംപിയോ ട്വീറ്റ് ചെയ്തു.
ടു പ്ലസ് ടു മൂന്നാം റൗണ്ട് സംഭാഷണത്തില്‍ ഇരു രാജ്യങ്ങളും തങ്ങളുടെ തന്ത്രപ്രധാന – സുരക്ഷാ ബന്ധങ്ങള്‍ അവലോകനം ചെയ്യും. സ്വതന്ത്ര – വിശാല ഇന്തോ-പസഫിക് മേഖലയുറപ്പിക്കുന്നതിന്റെ സാധ്യതകളും ചര്‍ച്ച ചെയ്യപ്പെടും. മേഖലാ സുരക്ഷാ സഹകരണം, പ്രതിരോധ വിവരങ്ങള്‍ പങ്കിടല്‍, സൈനിക-സൈനിക ഇടപെടല്‍, പ്രതിരോധ വ്യാപാരം എന്നീ നാല് വിഷയങ്ങളില്‍ ചര്‍ച്ചകള്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ആദ്യ രണ്ട് ടു പ്ലസ് ടു മന്ത്രിതല ചര്‍ച്ചകള്‍ 2018 സെപ്തംബറില്‍ ദില്ലിയിലും 2019 ല്‍ വാഷിങ്ടണ്‍ ഡിസിയിലും നടന്നു.
രണ്ട് ദിവസത്തെ സന്ദര്‍ശന വേളയില്‍ പോംപിയോയും എസ്പറും ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറും രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിങുമായി ഉഭയകക്ഷി ചര്‍ച്ച നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവ ലിനെയും സന്ദര്‍ശിക്കും.