സൗന്ദര്യ സംരക്ഷത്തിന്റെ കാര്യത്തില്‍ സ്ത്രീകള്‍ വളരെയധികം ശ്രദ്ധ ചെലുത്തുന്നവരാണ്. പ്രത്യേകിച്ച് കണ്ണുകളുടെ കാര്യത്തില്‍. ഒരു വ്യക്തിയുടെ മുഖ്യ ആകര്‍ഷണം അവരുടെ കണ്ണുകളാണ്. മനോഹരമായ കണ്ണുകള്‍ ദൈവത്തിന്റെ ദാനമാണ്. അവയെ പൊന്നുപോലെ നോക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വവും.
എന്നാല്‍ ആകുലതകളും ടെന്‍ഷനും നിറഞ്ഞ ജീവിതം പലപ്പോഴും നമ്മുടെ കണ്ണുകളെ മോശമായി ബാധിക്കാറുണ്ട്. ഇത്തരത്തില്‍ കണ്ണുകള്‍ക്ക് ചുറ്റുമുള്ള കറുത്ത പാടുകളെ ഓര്‍ത്ത് വിഷമിക്കുന്നവര്‍ ചില്ലറയല്ല. ശരീരം നിര്‍ജ്ജലീകരണം ചെയ്യുമ്പോള്‍, കണ്ണുകള്‍ക്ക് ചുറ്റുമുള്ള രക്തക്കുഴലുകള്‍ക്ക് പലപ്പോഴും ദ്രാവകത്തിന്റെ അഭാവം ഉണ്ടാകുകയും ഇരുണ്ടതായി മാറുകയും ചെയ്യും.
ഇരുണ്ട വൃത്തങ്ങളെ സ്വാഭാവികമായി നീക്കാന്‍ ചില വഴികളുണ്ട്. ഈ മാറ്റങ്ങള്‍ നിങ്ങള്‍ കൃത്യമായി ശീലിച്ചാല്‍ നിങ്ങളുടെ കണ്‍തടത്തിലെ കറുത്ത പാടുകള്‍ എളുപ്പത്തില്‍ നീക്കാവുന്നതാണ്. ഇതില്‍ ഏറ്റവും പ്രധാനമായ കാര്യം നിറയെ വെള്ളം കുടിക്കുകയെന്നതാണ്. ചര്‍മ്മത്തെ ജലാംശത്തോടെ നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. ഇതിലൂടെ നിങ്ങളുടെ ചര്‍മ്മത്തിന് ദൃഢതയും സൗന്ദര്യവും കൈവരുന്നു. ദിവസവും 8 മുതല്‍ 10 ഗ്ലാസ് വരെ വെള്ളം കുടിക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ കണ്‍തടത്തിലെ കറുപ്പിന് മാറ്റം വരും.
* ഭക്ഷണക്രമം ശ്രദ്ധിക്കേണ്ട കാര്യം തന്നെയാണ്. ചര്‍മ്മം സുരക്ഷിതമായി ഇരിക്കാന്‍ നിങ്ങളുടെ ഭക്ഷണക്രമം കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. എ, സി, കെ, ഇ, ഇരുമ്പ് തുടങ്ങിയ വിറ്റാമിനുകള്‍ കറുത്ത പാടുകള്‍ കുറയ്ക്കാന്‍ സഹായിക്കും. അതില്‍ പഴങ്ങള്‍, സലാഡുകള്‍, മുളപ്പിച്ച ഭക്ഷണം, ധാന്യങ്ങള്‍, തൈര്, പാല്‍, ചീസ്, പയറ്, ബീന്‍സ്, ഇലക്കറികള്‍, മുട്ട, മത്സ്യം എന്നിവ ഉള്‍പ്പെടുന്നു. നിര്‍ജ്ജലീകരണം തടയുന്നതിനായി വ്യത്യസ്ത തരം പഴങ്ങള്‍ കഴിക്കുക. ഭക്ഷണത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനുമുമ്പ് ഒരു ഡോക്ടറുമായി ബന്ധപ്പെട്ട് വിറ്റാമിന്‍, ധാതുക്കള്‍ എന്നിവയെക്കുറിച്ച് മനസിലാക്കുക.
* കനത്ത ചൂടില്‍ നിങ്ങളുടെ ചര്‍മ്മം സംരക്ഷിക്കാന്‍ സണ്‍സ്‌ക്രീന്‍ ലോഷനുകളും ക്രീമുകളും സഹായിക്കുന്നു. വീടിനു പുറത്തിറങ്ങുമ്പോള്‍ മാത്രമല്ല വീടിനുള്ളില്‍ ആയിരിക്കുമ്പോഴും സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നത് വളരെ നല്ലതാണ്.
* കണ്‍തടത്തിലെ കറുപ്പ് അകറ്റാന്‍ സഹായിക്കുന്ന ഒന്നാണ് ബദാം ഓയില്‍. ഇത് നിങ്ങളുടെ കണ്ണിനു താഴെ ഒരു മിനിറ്റ് നേരം ദിവസവും പുരട്ടി മസാജ് ചെയ്യുക. ഇത് 15 മിനിറ്റ് ഉണങ്ങാന്‍ വിട്ട ശേഷം നനഞ്ഞ കോട്ടണ്‍ തുണി ഉപയോഗിച്ച് മൃദുവായി തുടയ്ക്കുക. ബദാം, ബദാം ഓയില്‍ എന്നിവ ചര്‍മ്മത്തിന്റെ നിറം മെച്ചപ്പെടുത്താനും ടോണ്‍ നല്‍കാനും സഹായിക്കുന്നു.
*കറുത്ത പാടുകള്‍ കുറയ്ക്കാന്‍ വെള്ളരിക്ക നിങ്ങളെ സഹായിക്കുന്നു. ഇത് കണ്ണിനു ചുറ്റും ദിവസവും പ്രയോഗിക്കുകയും 15 മിനിറ്റിനു ശേഷം വെള്ളത്തില്‍ കഴുകുകയും വേണം. കക്കിരി ജ്യൂസും നാരങ്ങ നീരും തക്കാളി ജ്യൂസും തുല്യ അളവില്‍ കലര്‍ത്തി പുരട്ടുന്നതിലൂടെയും നിങ്ങള്‍ക്ക് കണ്‍തടത്തിലെ പാടുകള്‍ നീക്കാവുന്നതാണ്. ദിവസവും ഇത് പ്രയോഗിച്ച് 15 മിനിറ്റ് കഴിഞ്ഞ് കഴുകി കളയുക.
* ആരോഗ്യവും ചര്‍മ്മവും മെച്ചപ്പെടുത്താന്‍ വ്യായാമവും വിശ്രമവും അത്യാവശ്യമാണ്. വ്യായാമത്തിലൂടെ നിങ്ങളുടെ ചര്‍മ്മത്തിന് പ്രസരിപ്പും തിളക്കവും ദൃഢതയും ലഭിക്കുന്നു. ദിവസവും അല്‍പനേരം വ്യയാമത്തിനായി സമയം കണ്ടെത്തുക. ഇതിലൂടെ നിങ്ങളുടെ ആരോഗ്യവും മെച്ചപ്പെടുത്താവുന്നതാണ്. യോഗ പരിശീലിക്കുന്നത് വളരെ നല്ലതാണ്.