ജനീവ: കോവിഡ് -19 ചികിത്സക്ക് റെംഡെസിവിര്‍ മരുന്ന് ഫലപ്രദമെന്ന് തെളിഞ്ഞിട്ടില്ലെന്ന മുന്നറിയിപ്പ് അവഗണിക്കുന്നതിനെതിരെ ലോകാരോഗ്യ സംഘടന – ട്രിബ്യുണ്‍ റിപ്പോര്‍ട്ട്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗികള്‍ക്ക് റെംഡെസിവിര്‍ നല്‍കിയിട്ടും രോഗമുക്തി തെളിവുകളില്ലെന്ന് ലോകമെമ്പാടുമുള്ള ഡ്രഗ് കണ്‍ട്രോള്‍ അഥോറിറ്റികള്‍ക്ക് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ലോകാരോഗ്യ സംഘടനയുടെ മുഖ്യ ശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥനാണ് മുന്നറിയിപ്പ് നല്‍കിയിരുന്നത്. കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനായി ഗിലെയാഡ് സയന്‍സസ് ഇന്‍കോര്‍മയുടെ റെംഡെസിവീറിന് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്ഡിഎ) ഒക്ടോബര്‍ 22 ന് പൂര്‍ണ്ണ അനുമതി നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് മരുന്ന് നിഷ്ഫലമെന്ന ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.
റെംഡെസിവറിന്റെ ഗുണഫലത്തെക്കുറിച്ച് ലോകാരോഗ്യ സംഘടന കൃത്യമായ ശാസ്ത്രീയ പരീക്ഷണങ്ങളിലേര്‍പ്പെട്ടിരുന്നു. രോഗികളിലടക്കം പരീക്ഷിച്ചിരുന്നു. പക്ഷേ അതിന്റെ ഫലം ആശാവഹമല്ലെന്നാണ് കണ്ടെത്തിയത്. 2020 മാര്‍ച്ച് 22 മുതല്‍ ഒക്ടോബര്‍ നാല് വരെയായിരുന്നു റെംഡെസിവിര്‍ മരുന്ന് ലോകാരോഗ്യസംഘടന പരീക്ഷണ – പരിശോധനകള്‍ക്ക് വിധേയമാക്കിയത് .
ലോകാരോഗ്യസംഘടന 30 രാജ്യങ്ങളില്‍ 405 ആശുപത്രികളിലായി 11266 രോഗികളില്‍ റെംഡെസിവിര്‍ പ്രയോഗിച്ചു. മൊത്തത്തിലുള്ള മരണ നിരക്ക് കുറക്കുന്നതിനോ രോഗമുക്തി തോത് കുറക്കുന്നതിലോ റെംഡെസിവിര്‍ കാര്യമാത്രമായി ഫലം ചെയ്യുന്നില്ലെന്നാണ് കണ്ടെത്തിയത്. ഈമരുന്ന് നല്‍കിയിട്ടും കോവിഡ് രോഗികള്‍ക്കള്‍ക്ക് വെന്റിലേഷന്‍ ഒഴിവാക്കാനായില്ല. ആശുപത്രി ചികിത്സാ കാലാവധിയിലും കാര്യമായ കുറവുണ്ടായതായും തെളിഞ്ഞില്ല.
മരുന്ന് പ്രയോഗിക്കുന്നതിനു മുന്നോടിയായി അതിന്റെ ഗുണഗണങ്ങളെക്കുറിച്ചുള്ള ആഗോള തെളിവുകള്‍ പരിശോധിക്കേണ്ടതുണ്ട്. മരുന്നിന് പൂര്‍ണ്ണ അനുമതി നല്‍കുന്നതിനുമുമ്പ് എഫ്ഡിഎ റെംഡെസിവറിനെക്കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ ശക്തമായ ശാസ്ത്രീയ പരീക്ഷണ ഫലങ്ങള്‍ പരിഗണിച്ചിട്ടില്ല – ലോകാരോഗ്യ സംഘടന മുഖ്യ ശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു