വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഒന്‍പത് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വോട്ട് രേഖപ്പെടുത്തി. ഫ്ളോറിഡയിലെ ബൂത്തിലാണ് ട്രംപ് വോട്ട് രേഖപ്പെടുത്തിയത്.
മാരത്തണ്‍ റാലികളുടെ വാരാന്ത്യത്തിനൊടുവിലാണ് ട്രംപ് വോട്ടുചെയ്യാനെത്തിയത്. നവംബര്‍ മൂന്നിന് നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഏര്‍ലി വോട്ടിംഗ് സംവിധാനത്തില്‍ ഇതിനോടകം അഞ്ചര കോടിയിലധികം ആളുകള്‍ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.
മാസ്‌ക് ധരിച്ചുകൊണ്ടാണ് ട്രംപ് വോട്ടുചെയ്യാനെത്തിയതെന്നും ശ്രദ്ധേയമാണ്. ട്രംപ് എന്നൊരാള്‍ക്കാണ് ഞാന്‍ വോട്ടുചെയ്തതെന്നായിരുന്നു വോട്ടിംഗിന്ശേഷമുള്ള ട്രംപിന്റെ പ്രതികരണം. അതേസമയം ഇതുവരെയുള്ള അഭിപ്രായ സര്‍വേകള്‍ അനുസരിച്ച് മുന്‍ വൈസ് പ്രസിഡന്റുകൂടിയായ ബൈഡന്‍ ട്രംപിനെക്കാള്‍ മുന്നിലാണ്. ബൈഡനേക്കാള്‍ ട്രംപ് എട്ടുപോയിന്റുകള്‍ക്ക് പിന്നിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഫ്ലോറിഡ, മിഷിഗണ്‍, വിസ്‌കോസിന്‍, പെന്‍സില്‍വാനിയ, ഓഹിയോ, നോര്‍ത്ത് കരോലിന, എന്നീ സംസ്ഥാനങ്ങളിലെ വോട്ടുകള്‍ നിര്‍ണ്ണായകമാകുമെന്നതിനാല്‍ പ്രചരണത്തിന്റെ അവസാനഘട്ടത്തില്‍ ഈ പ്രദേശങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഇരു സ്ഥാനാര്‍ഥികളുടേയും തീരുമാനം.