ബംഗളൂരു: കോവിഡ് പ്രതിസന്ധി മൂലം അടഞ്ഞു കിടക്കുന്ന കോളജുകള്‍ തുറക്കാന്‍ കര്‍ണാടക സര്‍ക്കാറിന്റെ തീരുമാനം. നവംബര്‍ 17 മുതല്‍ എന്‍ജിനിയറിങ്, ഡിപ്ലോമ, ഡിഗ്രി കോളജുകളെല്ലാം തുറക്കും. മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയുടെഅധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിമാരുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടേയും യോഗത്തിലാണ് തീരുമാനം.
വിദ്യാർത്ഥികൾക്ക് ക്ലാസുകള്‍ക്കായി നേരിട്ട് കോളജിലെത്തുകയോ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുകയോ ചെയ്യാം. നേരിട്ട് കോളജിലെത്തുമ്പോള്‍ രക്ഷിതാവിന്റെ സമ്മതം കൂടി വാങ്ങണം. എത്ര ബാച്ചുകള്‍ക്ക് ക്ലാസ് നടത്താമെന്നത് കോളജുകളിലെത്തുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം മുന്‍നിര്‍ത്തി അതാത് കോളജുകള്‍ക്ക് തീരുമാനിക്കാമെന്നും കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കി.
യു.ജി.സി മാര്‍ഗനിര്‍ദേശമനുസരിച്ച് ഒക്ടോബറില്‍ തന്നെ കര്‍ണാടകയിലെ കോളജുകളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചിരുന്നു. തുടര്‍ന്നാണ് കോളജുകള്‍ തുറക്കുന്നതിനുള്ള മാര്‍ഗരേഖ മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുകയും അതില്‍ തീരുമാനമുണ്ടാവുകയും ചെയ്തത്.