തിരുവനന്തപുരം: പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫൊർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി ഗ്ലോബലിന് ഉന്നത ബഹുമതികൾ. വർക്കിംഗ് മദർ, അവതാർ എന്നിവയുടെ ‘ചാമ്പ്യൻ ഓഫ് ഇൻക്ലൂഷൻ’ കരസ്ഥമാക്കിയ കമ്പനി ‘100 ബെസ്റ്റ് കമ്പനീസ് ഫോർ വിമൺ ഇൻ ഇന്ത്യ’ (ബി സി ഡബ്ല്യു ഐ) പട്ടികയിലും ഇടം പിടിച്ചു. കുടുംബങ്ങൾക്കായി അർപണബോധത്തോടെ പ്രവർത്തിക്കുന്ന, കരിയറിൽ പ്രതിജ്ഞാബദ്ധരായ
17 ദശലക്ഷത്തിലധികം അമ്മമാരുടെ ക്ഷേമത്തിനായി നിലകൊള്ളുന്ന വർക്കിങ്ങ് മദറിനെ ഒരു റോൾ മോഡലും മെൻ്ററുമായാണ് അമേരിക്കയിൽ
കരുതപ്പെടുന്നത്. ലിംഗ വൈവിധ്യത്തിന് പ്രത്യേക ഊന്നൽ നൽകി ഡൈവേഴ്സിറ്റി, ഇൻക്ലൂഷൻ മേഖലയിൽ വ്യാപകമായി പ്രവർത്തിക്കുന്ന സംഘടനയാണ് അവതാർ.
സ്ത്രീകൾക്ക് ജോലി ചെയ്യാൻ കഴിയുന്ന രാജ്യത്തെ ഏറ്റവും മികച്ച കമ്പനികളിൽ ഒന്നായും ചാമ്പ്യൻ ഓഫ് ഇൻക്ലൂഷൻ ആയും തിരഞ്ഞെടുക്കപ്പെട്ടതിലൂടെ ലിംഗവൈവിധ്യത്തിലും തുല്യതയിലുമുള്ള കമ്പനിയുടെ പ്രതിജ്ഞാബദ്ധതയാണ് ഊട്ടിയുറപ്പിക്കുന്നത്. സ്ത്രീ സുരക്ഷയും സൗകര്യങ്ങളും ഉറപ്പാക്കുന്ന നയങ്ങൾക്കും നടപടിക്രമങ്ങൾക്കും പുറമേ തുല്യവും നീതിപൂർവവുമായ അവസരങ്ങളും കമ്പനി മുന്നോട്ടുവെയ്ക്കുന്നുണ്ട്.
തുടർച്ചയായ രണ്ടാം വർഷമാണ് യു എസ് ടി ഗ്ലോബൽ വനിതകൾക്കുള്ള ഏറ്റവും മികച്ച നൂറ് കമ്പനികളുടെ അവതാർ പട്ടികയിൽ ഇടം പിടിക്കുന്നത്.
എളിമ, മാനവികത, ധാർമികത തുടങ്ങിയ മൂല്യങ്ങൾ പ്രാവർത്തികമാക്കാൻ പരിശ്രമിക്കുന്ന കമ്പനിയുടെ അടിസ്ഥാന ശിലകളാണ്
വൈവിധ്യവും ഉൾപ്പെടുത്തലും (ഡൈവേഴ്സിറ്റി ആൻ്റ് ഇൻക്ലൂഷൻ -ഡി & ഐ). മുഴുവൻ വിഭാഗങ്ങളെയും ഉൾക്കൊള്ളും വിധത്തിൽ വൈവിധ്യപൂർണമായ തൊഴിൽ അന്തരീക്ഷം രൂപപ്പെടുത്താനുളള പ്രതിജ്ഞാബദ്ധതയാണ് കഴിഞ്ഞ 20 വർഷക്കാലവും കമ്പനി പ്രകടിപ്പിച്ചത്. വനിതാ ജീവനക്കാർക്കും പുതിയ അമ്മമാർക്കും ഗർഭിണികൾക്കുമെല്ലാം പിന്തുണ നൽകുന്ന നിരവധി നൂതന പദ്ധതികളാണ് കമ്പനി നടപ്പിലാക്കുന്നത്. തുല്യതയും ലിംഗ വൈവിധ്യവും ഉറപ്പാക്കി, മുഴുവൻ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന തൊഴിലിടം വികസിപ്പിക്കാനുള്ള നിരന്തരമായ ശ്രമത്തിൽ ലിംഗ വേതനത്തിലെ വിടവുകൾ (ജെൻഡർ വേജ് ഗ്യാപ്സ്) കണ്ടെത്താനും ഒഴിവാക്കാനും ആഗോളതലത്തിൽ തന്നെ കമ്പനി മുൻകൈയെടുത്തിട്ടുണ്ട്.
‘ദി ഷീറോസ് അവേഴ്സ് ‘, ‘ടെക് ഷീ കാൻ’ എന്നിവയിലെ പങ്കാളിത്തം സാങ്കേതിക വ്യവസായ രംഗത്ത് സ്ത്രീകളുടെ കടന്നുവരവിനെ പിന്തുണയ്ക്കുന്നതും ആഘോഷിക്കുന്നതുമാണ്. സ്ത്രീകളുടെ അഭിവൃദ്ധിയും സുരക്ഷയും ഉറപ്പാക്കുന്ന തൊഴിൽ അന്തരീക്ഷം വളർത്തിയെടുക്കാനാണ് ശ്രമം. അതിനായി സ്ത്രീകൾക്കുള്ള നേതൃത്വ പരിശീലന ക്യാമ്പുകൾ, ലൈംഗിക അതിക്രമങ്ങൾ തടയാനുള്ള പോഷ് (പ്രിവൻഷൻ ഓഫ് സെക്ഷ്വൽ ഹരാസ്മെൻ്റ്) പരിശീലനം എന്നിവ സംഘടിപ്പിക്കുന്നുണ്ട്.
നെറ്റ് വർക്ക് ഓഫ് വിമൺ അസോസിയേറ്റ്സ് (നൗ യു), മെന്ററിംഗ്, യു എസ് ടി കരിയർ ആർകിടെക്ചർ ഫ്രെയിംവർക്ക്, ടെക്നോളജി മേഖലയിലെ പ്രതിഭകളെ അംഗീകരിക്കുന്ന ഗ്ലോബൽ ഡെവലപ്പേഴ്സ് കോൺഫറൻസായ ഡി 3, ‘വിമൺ അൺലിമിറ്റഡ് ‘ തുടങ്ങിയ പ്രോഗ്രാമുകൾ ഇൻക്ലൂഷൻ, കമ്മ്യൂണിറ്റി ബിൽഡിങ്ങ് എന്നിവയ്ക്ക് ശക്തമായ പ്രചോദനമായിട്ടുണ്ട്. ഒരു ട്രാൻസ്‌ജെൻഡർ സ്ത്രീയെ ജോലിക്കെടുക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ ടെക്നോളജി ട്രാൻസ്ഫൊർമേഷൻ കമ്പനികളിൽ ഒന്നാണ് യു എസ് ടി ഗ്ലോബൽ. ലൈംഗിക ന്യൂനപക്ഷങ്ങൾക്കായി ‘കർവ്ഡ് കളേഴ്സ് ‘ പോലുള്ള ഇൻ്റേണൽ കമ്മ്യൂണിറ്റികൾക്ക് രൂപം കൊടുത്തിട്ടുണ്ട്. എൽജിബിടിക്യുഐ പ്ലസ് കമ്മ്യൂണിറ്റിയെ പിന്തുണയ്ക്കുന്നതിൽ സജീവമായ ഇടപെടലുകളാണ് കമ്പനി നടത്തുന്നത്.
ഭിന്നശേഷിക്കാർക്കിടയിലെ പ്രതിഭകളെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനുമായി ‘ഇംപാക്റ്റ് ഇന്ത്യ’ പോലുള്ള പ്രോഗ്രാമുകളും ഉണ്ട്. കമ്പനി പ്രോഗ്രാമുകളെ കുറിച്ചുള്ള പ്രതിവാര വീഡിയോ ഹൈലൈറ്റായ ’60 സെക്കൻഡ്സിൽ’ സൈൻ ലാൻഗ്വേജ് കൂടി ഉൾപ്പെടുത്തിയതിലൂടെ വൈവിധ്യമാർന്ന കമ്മ്യൂണിറ്റികളെ ചേർത്ത് നിർത്തുന്ന സമീപനമാണ് കൈക്കൊള്ളുന്നത്. സയൻസ്, ടെക്നോളജി, എഞ്ചിനീയറിങ്ങ്, മാത് മാറ്റിക്സ് (എസ്ടിഇഎം) മേഖലകളിലേക്ക്
സ്ത്രീകൾ, ന്യൂനപക്ഷങ്ങൾ, വിരമിച്ച സൈനികർ തുടങ്ങിയ ജനവിഭാഗങ്ങളെ ആകർഷിക്കാനും അവർക്കാവശ്യമായ പരിശീലനം നൽകി നിയമിക്കാനുമാണ്
‘സ്റ്റെപ്പ് ഇറ്റ് അപ്പ് അമേരിക്ക’ ശ്രമിക്കുന്നത്. ‘ബ്രെയ്ൽ വിത്തൗട്ട് ബോർഡേഴ്സ് ‘, ‘നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻ്റ് ഹിയറിങ്ങ് ‘ എന്നീ സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തത്തിലൂടെ അന്ധരും ബധിരരുമായ വിഭാഗങ്ങളെയും കമ്പനി പിന്തുണയ്ക്കുന്നു.
ഇന്ത്യയിലെ സുപ്രധാന ഡി ആൻ്റ് ഐ സ്ട്രാറ്റജി സ്ഥാപനമായ അവതാറും, കുടുംബവും ജോലിയും ഒരേപോലെ കൊണ്ടുപോകാൻ സ്ത്രീകൾക്ക് പ്രചോദനം നൽകുന്ന വർക്കിങ്ങ് മദറും നൽകുന്ന ‘ചാമ്പ്യൻ ഓഫ് ഇൻക്ലൂഷൻ’, ‘ബെസ്റ്റ് കമ്പനീസ് ഫോർ വിമൺ ഇൻ ഇന്ത്യ’ അംഗീകാരങ്ങൾ നേടാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് യു എസ് ടി ഗ്ലോബൽ ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസർ മനു ഗോപിനാഥ് അഭിപ്രായപ്പെട്ടു. ലോകമെങ്ങും, സ്ഥാപനത്തിൻ്റെ എല്ലാ തലങ്ങളിലും, ഉൾപ്പെടുത്തലും വൈവിധ്യവും പ്രാവർത്തികമാക്കാൻ യത്നിക്കുന്ന കമ്പനിയുടെ പ്രതിബദ്ധതയ്ക്കുള്ള തെളിവാണ് അംഗീകാരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോർപ്പറേറ്റ് ഡൈവേഴ്സിറ്റി സ്ഥിതിവിവര കണക്കുകളുടെ ആഴമേറിയ ഇടങ്ങളിലൂടെയുള്ള ബിസിഡബ്ല്യുഐയുടെ അരദശാബ്ദക്കാലത്തെ യാത്ര ഉൾക്കാഴ്ചകൾ പകർന്നു തരുന്നതാണെന്ന് അവതാർ സ്ഥാപകയും പ്രസിഡൻ്റുമായ ഡോ. സൗന്ദര്യ രാജേഷ് അഭിപ്രായപ്പെട്ടു. “സ്ത്രീകളുടെ പ്രാതിനിധ്യത്തിലുണ്ടായ
ഗണ്യമായ വർധനവും ലിംഗഭേദങ്ങളെ പരിഗണിക്കും വിധത്തിൽ തൊഴിലിടങ്ങളെ പുനർനിർമിക്കുന്നതുമെല്ലാം ഡി ആൻ്റ് ഐ തന്ത്രങ്ങളുടെ
ഫലപ്രദമായ ഒരു കൈപ്പുസ്തകമായി പഠനം പരിണമിച്ചു എന്നാണ് കാണിക്കുന്നത്. സ്ത്രീകളുടെ തൊഴിൽ ശക്തിയെ പരിപോഷിപ്പിക്കാനുള്ള ബോധപൂർവമായ പരിശ്രമങ്ങളിലൂടെ കമ്പനികളുടെ ശേഷിയും വളർച്ചയും അൺലോക്ക് ചെയ്യുന്ന ബിസിഡബ്ല്യുഐയുടെ പ്രവർത്തനങ്ങൾ ഉത്സാഹജനകമാണ് ”- അവർ പറഞ്ഞു.
വൈവിധ്യവും ഉൾപ്പെടുത്തലും (ഡി & ഐ) ലക്ഷ്യമിട്ടുകൊണ്ടുള്ള കമ്പനിയുടെ യാത്രയിലെ ശ്രദ്ധേയമായ നാഴികക്കല്ലാണ് പിന്നിട്ടതെന്നും ഉന്നതമായ ഈ അംഗീകാരത്തിൽ വിനയാന്വിതയാണെന്നും യു എസ് ടി ഗ്ലോബൽ ഡൈവേഴ്സിറ്റി ആൻ്റ് ഇൻക്ലൂഷൻ ഹെഡ് അനു കോശി അഭിപ്രായപ്പെട്ടു. “ടീമിന്റെ അജയ്യതയും അശ്രാന്ത പരിശ്രമവുമാണ് ഇതിൽ പ്രതിഫലിപ്പിക്കുന്നത്. ഉൾപ്പെടുത്തലിൽ നൽകുന്ന ഊന്നലിന് വലിയ സ്വാധീനം ചെലുത്താനാവും. ജീവനക്കാരുടെ സർഗാത്മകത അഴിച്ചുവിടുന്നതും സ്വന്തമെന്ന തോന്നലുളവാക്കുന്നതും തുറന്നതുമായ യോജിപ്പിൻ്റെ സംസ്കാരം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. ഉന്നതമായ ഈ അംഗീകാരം കരസ്ഥമാക്കിയതിൽ സ്ഥാപനത്തിലെ മുഴുവൻ പേരെയും അഭിനന്ദിക്കുന്നു. കരുത്തുറ്റ ഡി ആൻ്റ് ഐ പ്രോഗ്രാമുകളുമായി മുന്നോട്ട് പോകാനുള്ള പ്രചോദനമാണ് ഇതിലൂടെ കൈവരുന്നത് ” – അവർ കൂട്ടിച്ചേർത്തു.
നിയമനം, സ്ഥാനക്കയറ്റം, അംഗീകാരം, നേതൃത്വവികസനം, നിലനിർത്തൽ എന്നിവയിലൂടെ തലമുറകളുടെ വൈവിധ്യത്തെയും യു എസ് ടി ഗ്ലോബൽ ഉറപ്പാക്കിയിട്ടുണ്ട്. സ്ഥാപനത്തിലെ ഡി ആൻ്റ് ഐ ചാമ്പ്യൻമാരുടെ നേതൃത്വത്തിൽ രണ്ടു വർഷത്തിൽ ഒരിക്കൽ നടത്തുന്ന ഡി ആൻ്റ് ഐ ക്യാമ്പയ്നും
വർഷം മുഴുവനുമുള്ള ആഗോള പരിശീലനവും ഇ-ലേണിങ്ങ് സെഷനുകളും നിരന്തരമായ അവബോധവും വിദ്യാഭ്യാസവും ഉറപ്പാക്കാൻ യു എസ് ടി ഉപയോഗിക്കുന്ന ഫലപ്രദമായ മാർഗങ്ങളാണ്.