ന്യൂ ഡല്‍ഹി: ലോകത്ത് ഒടിടി പ്ലാറ്റ്ഫോമുകൾക്ക് ഏറ്റവും വളക്കൂറുള്ള മണ്ണായി ഇന്ത്യൻ വിപണി. മറ്റെല്ലാ രാജ്യങ്ങളെയും അപേക്ഷിച്ച് ഇന്ത്യയിലാണ് ഒടിടി പ്ലാറ്റ്‌ഫോമുകൾ അതിവേഗം വൻ വളർച്ച സാധ്യമാക്കുന്നത്. 2024 ഓടെ ഒടിടി പ്ലാറ്റ്‌ഫോമുകളുടെ ഏറ്റവും വലിയ വിപണി ഇന്ത്യയായിരിക്കുമെന്നാണ് വിലയിരുത്തല്‍.
ഒടിടി വിപണിയിൽ അടുത്ത നാല് വർഷം ശരാശരി 28.6 ശതമാനം സംയോജിത നിക്ഷേപ വളർച്ച സാധ്യമാകുമെന്നാണ് കരുതുന്നത്. 2024 ഓടെ ഈ വിപണിയിൽ നിന്നുള്ള വരുമാനം 2.9 ബില്യൺ ഡോളറിലേക്ക് എത്തും. പ്രൈസ്‌വാട്ടർഹൗസ് കൂപ്പേർസിന്റെ വിലയിരുത്തൽ പ്രകാരം അടുത്ത നാല് വർഷം രാജ്യത്ത് വൻ വളർച്ച നേടാൻ പോകുന്ന സെഗ്‌മെന്റുകൾ ഒടിടി വീഡിയോ, ഇന്റർനെറ്റ് അഡ്വർടൈസിങ്, വീഡിയോ ഗെയിംസ്, ഇ-സ്പോർട്സ്, മ്യൂസിക്, റേഡിയോ, പോഡ്‌കാസ്റ്റ് എന്നിവയാണ്.
ലോകത്തെ 53 രാജ്യങ്ങളിലെ 14 സെഗ്‌മെന്റുകളിലെ മുൻകാല ചരിത്രം അവലോകനം ചെയ്തതാണ് പ്രൈസ് വാട്ടർ ഹൗസ് കൂപ്പേർസിന്റെ കണക്ക്. ഇന്ത്യയിലെ മീഡിയ ആന്റ് എന്റർടെയ്‌ൻമെന്റ് സെക്ടറിൽ 10.1 ശതമാനം വീതം വളർച്ച അടുത്ത നാല് വർഷങ്ങളിലുണ്ടാകും. 2024 ൽ ഇത് 55 ബില്യൺ ഡോളർ തൊടും. 2019 നെ അപേക്ഷിച്ച് 2020 ൽ ആഗോള മീഡിയ ആന്റ് എന്റർടെയ്‌ൻമെന്റ് രംഗത്ത് 5.6 ശതമാനം ഇടിവായിരിക്കും വളർച്ചയിൽ ഉണ്ടാവുക.