വാഷിങ്ടണ്‍: അവതാരകയുടെ ചോദ്യങ്ങള്‍ പക്ഷപാതപരമെന്ന് ആരോപിച്ച് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്നതിന് മുമ്പ് തന്റെ അഭിമുഖം പുറത്തുവിട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി സിബിഎസ് ന്യൂസ് ചാനല്‍ നടത്തിയ ’60 മിനിറ്റ്’ എന്ന അഭിമുഖ പരിപാടിയാണ് ട്രംപ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്.
അഭിമുഖത്തിലുടനീളം അവതാരകയുടെ ചോദ്യങ്ങളില്‍ ട്രംപ് തൃപ്തനല്ലായിരുന്നു. കോവിഡ് പ്രതിരോധത്തിലേയും മറ്റും വീഴ്ച ചൂണ്ടിക്കാണിച്ചുള്ള ചോദ്യങ്ങളില്‍ ക്ഷുഭിതനായ ട്രംപ് 60 മിനിറ്റ് നിശ്ചയിച്ച അഭിമുഖം പൂര്‍ത്തിയാക്കാന്‍ വിസമ്മതിക്കുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് ചാനലിന്റെയും അവതാകയുടെയും പക്ഷാപാതവും വിദ്വേഷവും ധാര്‍ഷ്ട്യവും നിറഞ്ഞ നിലപാടുകള്‍ കാണൂ എന്ന അടിക്കുറിപ്പോടെ ട്രംപ് വീഡിയോ പുറത്തുവിട്ടത്.
സിബിഎസ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ ജോ ബൈഡന് അനുകൂലമായി നിലപാട് സ്വീകരിക്കുന്നുവെന്നും അഭിമുഖത്തില്‍ ട്രംപ് ആവര്‍ത്തിച്ചു. കടുത്ത ചോദ്യങ്ങള്‍ തന്നോട് മാത്രമാണ് മാധ്യമങ്ങള്‍ ഉന്നയിക്കുന്നത്. ഡൊമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന് മൃദുവായ ചോദ്യങ്ങളാണ് മാധ്യമങ്ങള്‍ നല്‍കുന്നതെന്നും ട്രംപ് വ്യക്തമാക്കി.